Sunday, August 29, 2010

ചിന്തകള്‍, ആകാശത്തോളം ....!!!

ചിന്തകള്‍, ആകാശത്തോളം ....!!!

ആ കെട്ടിടത്തിന് ഒരുപാട് മുറികള്‍ ഉണ്ടായിട്ടും ആ ഒരു മുറിക്കു മാത്രമായിരുന്നു അങ്ങിനെയൊരു പ്രത്യേകത ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെ ആ മുറിക്കു പുറത്തു എപ്പോഴും ഒരാള്‍ക്കൂട്ടവും കാണായി വന്നു. എന്നിട്ടുംപക്ഷേ ആരും ആ മുറിയില്‍ കയറിയില്ല . അവിടെ താമസിച്ചുമില്ല. അപ്പോഴും ആ മുറി എല്ലാവര്ക്കും വേണ്ടി എപ്പോഴും തയ്യാറായി ഇരുന്നു. ആരെയും സ്വീകരിക്കാന്‍ പാകത്തില്‍.

പുറത്തേക്കു തുറക്കുന്ന ആ ജനലില്‍ കൂടി താഴേക്ക് നോക്കിയാല്‍ കാണാവുന്ന ദൂരതിലായിരുന്നു അപ്പോഴും ആകാശം. എന്നിട്ടും ഒരിക്കല്‍ പോലും ആ ജനലിലൂടെ ആകാശം കാണാന്‍ ആരും ശ്രമിച്ചതേയില്ല. അല്ലെങ്കില്‍ തന്നെ ആകാശം മാത്രമായി ആര്‍ക്കും കാണാവുന്ന ദൂരത്തിലും അല്ലല്ലോ. എന്നിട്ടും ആശിച്ചു നോക്കവേ മനസ്സില്‍ നിന്നും ഒരിക്കലെങ്കിലും ഉതിര്‍ന്നു വീഴാത്ത ഒരു നിശ്വാസം പോലെ.. അതങ്ങിനെ പാതി വഴിയില്‍ പരിണാമം കാത്ത്. ഇനി എങ്ങോട്ടെന്നു സ്വയം നിശ്ചയമില്ലാതെ. അവയ്ക്കിടയില്‍, നിശ്ചലമായി വീണ്ടും.

എങ്ങിനെയാണ് അങ്ങോട്ട്‌ എത്തുന്നതെന്ന് ഒരു നിശ്ചയവും ഇല്ലാതിരുന്നിട്ടും അങ്ങോട്ട്‌ മാത്രമായിരുന്നു എപ്പോഴും മനസ്സ് സഞ്ചരിച്ചു കൊണ്ടേയിരുന്നത്. ഒരു പക്ഷെ അതൊരു നിശ്ചയവും ആയിരുന്നിരിക്കാം. വെറുതേയുള്ള മോഹങ്ങളുടെ മേല്‍ മനസ്സ് നേടുന്ന വിജയത്തിന്റെ പാതയും. എന്നിട്ടും മനസ്സുമാത്രം എപ്പോഴും തോറ്റുകൊണ്ടേയിരുന്നു. ആര്‍ക്കും കീഴടക്കാന്‍ പറ്റാതതെന്നു സ്വയം അഹങ്കരിക്കുംപോഴും ആശ്വാസം പോലുമില്ലാതെ.

ജനലുകള്‍ മുറുക്കെ അടച്ചുവെച്ചു അവയ്ക്കുമേല്‍ വാതിലുകളും വെച്ച് ബന്ധിച്ചിട്ടും ആകാശം അപ്പോഴും താഴെതന്നെയായി നിലകൊണ്ടു. ആര്‍ക്കും കാണാവുന്ന ദൂരത്തില്‍, ആര്‍ക്കും തൊടാന്‍ കഴിയാത്ത അത്രയും ഉയരത്തില്‍.

സുരേഷ്കുമാര്‍ പുഞ്ചയില്‍.

2 comments:

  1. വെറുതേയുള്ള മോഹങ്ങളുടെ മേല്‍
    മനസ്സ് നേടുന്ന വിജയത്തിന്റെ പാത!!
    ആ പാതയിലൂടെ പോകൂ ....
    ആകാശത്തിന്റെ ചുവട്ടില്‍ സ്വപ്നങ്ങള്‍ വാരിക്കൂട്ടാം..

    ReplyDelete
  2. ആകാശത്തിനും മേലെ നില്‍ക്കുന്ന ആ മുറി സ്വന്തം മനസ്സ് തന്നെയല്ലേ?

    ReplyDelete

sureshpunjhayil@gmail.com