Sunday, December 13, 2009

കടലിലെ ഭൂതം ....!!!

കടലിലെ ഭൂതം ....!!!

ആഴിയുടെ അങ്ങേ തലയ്ക്കല്‍ ഒരു കറുത്ത ഭൂതം ഉണ്ടെന്നും, ആ ഭൂതം നിശ്വസിക്കുന്ന കാറ്റു തട്ടിയാണ് തിരമാലകള്‍ ഉണ്ടാകുന്നതെന്നും അച്ഛനാണ് പറഞ്ഞു തന്നത്. പണ്ട് കടല് കാണാന്‍ കൊണ്ട് പോകുമ്പോള്‍ കടലില്‍ ഇറങ്ങി കളിക്കാതിരിക്കാന്‍ അച്ഛന്റെ ഓരോ സൂത്രങ്ങള്‍. കടലിനടിയില്‍ ഒളിച്ചിരിക്കുന്ന ആ ഭൂതത്തിന്റെ കഥ ഞാന്‍ എന്റെ മക്കളിലേക്കും മെല്ലെ പകര്‍ന്നു നല്‍കാറുണ്ട്, അവരുമായി കടല്ക്കരയിലെതുമ്പോള്‍. കടല്‍.. അതെന്നും മോഹത്തിന്റെത് മാത്രമാണ്. എത്ര കണ്ടാലും മടുക്കാത്ത എത്ര പോയാലും കൊതി തീരാത്ത അത്രയും പ്രിയതോടെ എന്നും എപ്പോഴും ....!

കടലിനടിയിലെ ഭൂതത്തിനു എപ്പോഴും വിശപ്പാണത്രെ . അത് കടലിലെ മീനിനെയും കടലിനു മുകളിലൂടെ പറക്കുന്ന പറവകളെയും ഒക്കെ പിടിച്ചു തിന്നും എപ്പോഴും. പിന്നെയും വിശപ്പ്‌ തീരാതെ വരുമ്പോഴാണ് ആകാശത്തിലൂടെ പോകുന്ന സൂര്യനെ പിടിച്ചു തിന്നുന്നത്. അങ്ങിനെയാണത്രേ ഇരുട്ടാകുന്നതും, ഇരുട്ടിനെ രാത്രിയെന്നു പറയുന്നതും. എന്നിട്ടും വിശപ്പ്‌ തീരത്തെ വരുമ്പോള്‍ ചന്ദ്രനേയും പിടിച്ചു തിന്നുമത്രേ. അപ്പോള്‍ വീണ്ടും പകലാകുമെന്നും അച്ഛന്‍ പറയാറുണ്ട്‌. അത്രയും വിശപ്പുള്ള ഭൂതം, കടലില്‍ ഇറങ്ങുന്ന കുട്ടികളെയാണത്രെ എപ്പോഴും നോട്ടമിടുക. അതുകൊണ്ടാണ് കുട്ടികള്‍ കടലില്‍ ഇറങ്ങി കളിക്കരുതെന്ന് പറയുന്നതത്രേ.

വഞ്ചികളില്‍ മുക്കുവര്‍ മീന്‍ പിടിക്കാന്‍ പോകുമ്പോള്‍ അവരാദ്യം ഭൂതത്തിനു വഴിപാടുകള്‍ കഴിച്ചു അതിനെ ത്രിപ്തിപ്പെടുതിയിട്ടെ കടലില്‍ പോകു എന്നാണു അച്ഛന്‍ പറഞ്ഞു തന്നത്. അവരുടെ പ്രാര്‍ത്ഥനകളും അച്ഛന്‍ കാണിച്ചു തന്നപ്പോള്‍ അത് വിശ്വസിക്കാതിരിക്കാന്‍ ഞാന്‍ എന്ന അഞ്ചു വയസ്സുകാരന് കഴിയാറില്ല. അവരുടെ പ്രാര്തനകളില്‍ ഞാന്‍ എന്നും പങ്കു ചേരാറുണ്ട് കടല്‍ക്കരയില്‍ പോകുമ്പോള്‍. എന്നെ ഭൂതംപിടിച്ചില്ലെങ്കിലും അവരെ ഒന്നും ചെയ്യരുതേ എന്നായിരുന്നു പ്രര്ഥാന.

എത്ര വലുതായിട്ടും, എപ്പോഴും മോഹിപ്പിക്കുമെങ്കിലും കടല്‍ എപ്പോഴും ആ ഭൂതത്തിന്റെ ഓര്‍മ്മകളും മനസ്സിലുടക്കിപ്പിക്കും. കടലില്‍ ഇറങ്ങിക്കളിക്കുംപോള്‍ എപ്പോഴും ഒരു കണ്ണ് അങ്ങേ തലക്കലെക്കായിരിക്കും. ഒരിക്കലും വരില്ലെന്ന് ഉറപ്പുള്ള ആ ഭൂതം എങ്ങാനും വരുന്നുണ്ടോ എന്ന ഒരു സംശയം. വലുതായി ഭാര്യയോടൊപ്പം കടലില്‍ കുളിക്കാന്‍ ഇറങ്ങുമ്പോള്‍ അവള്‍ കളിയ്യാക്കും. ഭൂതം പിടിക്കുമെന്ന് പറഞ്ഞു. പിന്നെ കുട്ടികളായി അവരോടു ഈ കഥ പറയുമ്പോള്‍ അപ്പോഴും അവള്‍ എന്നെ കളിയാക്കും. പിന്നെ പിന്നെ കുട്ടികള്‍ അത് ശ്ഗ്രധിക്കാതായി . എന്നിട്ടും എന്റെ സംശയം മാത്രം ബാക്കി. ഇപ്പോഴും എപ്പോള്‍ കടല്‍ ക്കരയില്‍ പോകുമ്പോഴും കുറച്ചു സമയം കണ്ണടച്ച് നില്‍ക്കും. ആ ഭൂതത്തിനുവേണ്ടി....!!!

മാതൃ സ്പര്‍ശം ...!!!

മാതൃ സ്പര്‍ശം ...!!!

മൂകാംബിക... വാക്ദേവതയുടെ വാസ സ്ഥലം ....!!! അവസരം കിട്ടുമ്പോഴെല്ലാം അവിടെ പോകാറുണ്ടെങ്കിലും ചില സമയങ്ങളിലെ യാത്ര മാത്രമാണ് ഹൃദയത്തില്‍ തട്ടാറു ള്ളത്. ആശ്വാസത്തോടെ പ്രാര്‍ത്ഥിക്കാനും അവിടുത്തെ സരസ്വതീ മണ്ഡപത്തില്‍ കുറച്ചു സമയം ഇരിക്കാനും സൌപര്‍ണികയില്‍ ഒന്ന് മുങ്ങിക്കുളിക്കാനും ഒക്കെ മനസ്സിന് തൃപ്തിയോടെ കഴിയുക അപൂര്‍വ്വമായി മാത്രം. അങ്ങിനെ ഒരിക്കല്‍ അവിടെയെത്തിയത് തനിച്ചാണ്. അപ്രാവശ്യമെന്തോ തീരെ തിരക്കില്ലായിരുന്നു അവിടെ. അവിടെയെത്തി പതിവ് ലോഡ്ജില്‍ മുറിയെടുത്ത് സാധനങ്ങളൊക്കെ വെച്ച് സൌപര്‍ണികയില്‍ പോയി കുളിച്ചു, അമ്പലത്തിലെത്തി വിശദമായി തന്നെ തൊഴുത്‌ കഴിഞ്ഞ് സരസ്വതീ മണ്ടപതിലെത്തി . കുറച്ചു സമയം പ്രാര്‍ത്ഥനയോടെ അവിടെ ഇരിക്കുവാന്‍ തീരുമാനിച്ചു.

ചുറ്റും ആളുകള്‍ തീരെ കുറവായതിനാല്‍ നല്ല ശാന്തിയോടെ പ്രാര്‍ത്ഥിക്കാനായി. ഏകാഗ്രതയോടെ തീര്‍ത്തും ഭക്തിയോടെ ഹൃദയപൂര്‍വ്വം, മൂകാംബികയുടെ തിരു സന്നിധിയില്‍ സ്വയം സമര്‍പ്പിച്ചുകൊണ്ട്. കണ്ണടച്ചിരിക്കെ പ്രാര്തനയിലെവിടെയോ മെല്ലെ ഒരു കുഞ്ഞിന്റെ ചിരി മനസ്സിലേക്ക് കടന്നു വന്നു. ഓമനയായ ഒരു സുന്ദരിക്കുട്ടി. ഏകദേശം ഒരു വയസ്സുള്ള ഒരു പെണ്‍കുട്ടി, അവള്‍ വശ്യമായി എന്നെ നോക്കി ചിരിക്കുകയും എനിക്കുമുന്നില്‍ അവിടെയൊക്കെ കളിച്ചുനടക്കുകയും ചെയ്യുന്നു. പിന്നെ പിന്നെ അവള്‍ എന്നെ ദേഹത്ത് വന്നു തൊട്ടു വിളിക്കാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ കണ്ണ് തുറന്നു. നോക്കിയത് അങ്ങിനെ ഒരു പെണ്‍കുട്ടിയുടെ മുഖത്ത് തന്നെ. സത്യത്തില്‍ ഞാന്‍ ഞെട്ടിപ്പോയി. ഇത് സ്വപ്നമല്ലെന്ന് ഉറപ്പിക്കാന്‍ എനിക്ക് കുറച്ചു സമയം തന്നെ വേണ്ടിവന്നു.

പിന്നെ പിന്നെ യാഥാര്‍ത്യത്തിലേക്ക് ഇറങ്ങി വരവേ അവള്‍ എന്റെ മുന്നിലിരുന്നു കളിക്കുകയാണ്. എന്നെ നോക്കി ചിരിച്ചുകൊണ്ട് തന്നെ. അവളുടെ ബന്ധുക്കളെ നോക്കവേ കുറച്ചു മാറി അവളുടെ അമ്മയെ കണ്ടു. ഇടക്കൊന്നു നോക്കുന്നതല്ലാതെ ഇങ്ങോട്ട് ശ്രദ്ധിക്കുക പോലും ചെയ്യാതെ അവര്‍ അവിടെ അവരുടെ മറ്റുള്ളവര്‍ക്കൊപ്പം. അവരുടെ തന്നെയാണ് ഈ കുഞ്ഞു എന്ന് എനിക്കത്ര ഉറപ്പൊന്നും ഉണ്ടായിരുന്നില്ലെങ്കിലും ഞാന്‍ അങ്ങിനെ വിസ്വസിക്കുകയായിരുന്നു. കുഞ്ഞാകട്ടെ മറ്റാരെയും ശ്രദ്ധിക്കാതെ എന്റെയൊപ്പം കളിക്കുകയാണ്. മുട്ടില്‍ നടക്കുന്ന അവളുടെ കാല്‍ മുട്ടില്‍ ഇടയ്ക്കിടെ അരിമണികള്‍തറക്കുമ്പോള്‍ അവളുടെ മൃദുവായ ദേഹം ‍ നോവുകയും പിന്നെ അവിടെയിരുന്നു വേദനിക്കുന്ന ഭാഗം തടവുകയും ചെയ്യും. അരിമണികള്‍ തറക്കുന്നത് ഇടതുകാലിലെങ്കില്‍ അവള്‍ പക്ഷെ തിരയുന്നത് വലതു കാലിലായിരിക്കുമെന്നു മാത്രം. അതെന്നില്‍ വല്ലാത്ത കൌതുകമുണര്‍ത്തി.

ഞാന്‍ മെല്ലെ അവളെ നോക്കവേ അവള്‍ എന്നെ നോക്കി വശ്യമായി ചിരിക്കാന്‍ തുടങ്ങി. മെല്ലെ എന്റെ ദേഹത്ത് കയറി കളിക്കാനും എന്നോട് എന്തൊക്കെയോ അവളുടെ ഭാഷയില്‍ സംസാരിക്കാനും തുടങ്ങി. ഞാന്‍ ഒരു പ്രത്യേക ലോകത്തായി കുറച്ചു നേരം. അവളെന്നെ സരസ്വതീ വിഗ്രഹത്തിന്റെ അടുത്തേക്കാണ് മെല്ലെ കൊണ്ട് പോയിരുന്നത്. അവള്‍ക്കൊപ്പം മുട്ടിലില്‍ നടന്നും നിരങ്ങി നീങ്ങിയും എത്തവേ ഒരു ബ്രമാത്മകമായ അനുഭൂതിയിലായി ഞാന്‍. അവിടെയെത്തി ആ സരസ്വതീ ചിത്രത്തിന് മുന്നില്‍ നമസ്കരിച്ചത് മാത്രം എനിക്കോര്‍മ്മയുണ്ട്. പിന്നെ എത്രസമയം അങ്ങിനെ കിടന്നു എന്നറിയില്ല. ഉണര്‍ന്നു നോക്കുമ്പോള്‍, ചുറ്റില്‍ ആരുമില്ല. എന്നിലേക്ക്‌ ഞാന്‍തിരിച്ചെതിയതും എഴുന്നേറ്റു ആ കുഞ്ഞിനായി ഞാന്‍ എമ്പാടും തിരഞ്ഞു നടന്നു. പക്ഷെ ഒരിക്കലും അങ്ങിനെയൊരു കുഞ്ഞിനെ അവിടെയെങ്ങും എനിക്ക് കാണാനേ കഴിഞ്ഞില്ല.......!!!!