Sunday, September 19, 2010

ഇഷ്ടം .....!!!

ഇഷ്ടം .....!!!

പകല്‍ പല തരത്തില്‍ മാറി മറിഞ്ഞിട്ടും രാത്രിക്ക് മാത്രം അപ്പോഴും നിറം കറുപ്പ് മാത്രമായി നിലനിന്നു. ചിലപ്പോള്‍ ചുവപ്പും, ചിലപ്പോള്‍ നീലയും ഇനി ചിലപ്പോള്‍ കറുപ്പ് തന്നെയും. അങ്ങിനെ പലപ്പോഴും പല നിറങ്ങളില്‍ . വശ്യതയുടെ, വൈഷമ്യത്തിന്റെ, പ്രതീക്ഷയുടെ, നിരാശയുടെ ... നിറങ്ങള്‍ പലതരത്തില്‍, പല സമയങ്ങളില്‍ ...! എന്നിട്ടും ആരും പകലിനെ തേടി എതാതെയുമിരുന്നില്ല . അല്ലെങ്കില്‍ രാത്രിയെ ആരും ഇഷ്ട്ട പെടാതെയുമിരുന്നില്ല. അത് പക്ഷെ രാത്രിയുടെ നിശബ്ദതയോ, നിലാവിന്റെ പരിശുദ്ധിയോ ഒന്നും മാത്രം കൊണ്ടുമായിരുന്നുമില്ല.

അവനും അങ്ങിനെയായിരുന്നു. എപ്പോഴും ഒരു പോലെ. എങ്ങിനെയാണ് അവന് ഇങ്ങിനെ ആകാന്‍ കഴിയുന്നതെന്ന് ഞങ്ങള്‍ പലപ്പോഴും ആശ്ചര്യപെട്ട് പോകാറുണ്ടായിരുന്നു . രാത്രിയുടെ നിറമായിരുന്നില്ല അവന് പക്ഷെ. എന്നിട്ടും രാത്രിയുടെ നിശബ്ദത അവനിലും നിറഞ്ഞു നിന്നു. നിലാവിന്റെ പരിശുദ്ധിയും നിറമില്ലാതവന്റെ ലോലതയും അവനില്‍ അലിഞ്ഞു നിന്നു.

എന്നിട്ടും എനിക്കുമാത്രം, അവനെ ഇഷ്ട്ടമായി. ഒരുപാട്, ഒരുപാട് ...! അവനുപക്ഷെ വേണ്ടിയിരുന്നത് എന്റെ ഇഷ്ട്ടമല്ല എന്നറിഞ്ഞിട്ടും ഞാന്‍ അവനെ ഇഷ്ട്ടപ്പെട്ടുകൊണ്ടേയിരുന്നു. അതിനു പക്ഷെ അവന്റെ അനുവാദം പോലും വേണ്ടായിരുന്നല്ലോ...! അതുകൊണ്ട് തന്നെ ഞാന്‍ അങ്ങിനെ തുടര്‍ന്നെന്ന്കിലും അവന്‍ ആഗ്രഹിച്ച കിട്ടാത്തതില്‍ അവനെ പോലെ ഞാനും വിഷമിച്ചിരുന്നു. ഒരു പക്ഷെ അവനുവേണ്ടി അവന്റെ ഇഷ്ട്ടം പിടിച്ചു കൊടുക്കാന്‍ തന്നെ ഞാന്‍ വെമ്പല്‍ കൊള്ളുകയും ചെയ്തിരുന്നു...! എന്നിട്ടും ...!!!

സുരേഷ് കുമാര്‍ പുഞ്ചയില്‍
sureshpunjhayil@gmail.com



Saturday, September 18, 2010

കാത്തിരിപ്പ്‌ ....!!!

കാത്തിരിപ്പ്‌ ....!!!

രാത്രി അത്രയും തന്നെ പെയ്തൊഴിഞ്ഞിട്ടും നിലാവ് മാത്രം പിന്നെയും ബാക്കി. ആര്‍ക്കും വേണ്ടി കാത്തു നില്‍ക്കാത്ത കാലം അല്ലെങ്കില്‍ തന്നെ അവള്‍ക്കുവേണ്ടി എങ്ങിനെ. . അതിനവള്‍ പക്ഷെ ഒരുക്കവുമായിരുന്നില്ല. എന്നും കാലത്തിനു മുന്നേ നടക്കാന്‍ വെമ്പുന്ന അവള്‍ക്കെങ്ങിനെ ആര്‍ക്കെങ്കിലും വേണ്ടി കാത്തിരിക്കാന്‍ പറ്റും. അതുമല്ലെങ്കില്‍ കാലം പോലും അവള്‍ക്കു പിന്‍പേ നടക്കാനായിരുന്നു ഇഷ്ട്ടപ്പെട്ടിരുന്നത് എന്ന് തോന്നും പലപ്പോഴും. ....!

അക്ഷരങ്ങള്‍ക്ക് എണ്ണയൊഴിച്ച് തിരിതെളിയിച്ചിട്ടും ഒഴിയാത്ത ജ്വാലകള്‍ അവള്‍ക്കു ചുറ്റും അപ്പോഴും ഊഴം കാത്തിരുന്നു. അവളുടെ ആജ്ഞയ്ക്കായി അവ കാത്തിരുന്നു. ഏടുകള്‍ പലതും നിറഞ്ഞോഴിഞ്ഞിട്ടും അവള്‍ക്കു മതിയായിരുന്നില്ല. ഏടുകള്‍ കൂട്ടിക്കെട്ടി അവളതില്‍ നിദ്രയ്ക്കു തളം വെച്ചു. എന്നിട്ടും അവളിലെ അഗ്നിമാത്രം ജ്വലിച്ചു കൊണ്ടേയിരുന്നു. ഒന്നും മതിയാകാതെ. ഒന്നിനെയും പോരാതെ. ....!

അമ്മയോടും അച്ഛനോടും അവള്‍ക്കു പക്ഷെ ഒന്നും പറയാനുണ്ടായിരുന്നില്ല. ആകെ അനുവാദം വേണ്ടിയിരുന്നത് എട്ടന്റെത് മാത്രമായിരുന്നു. അതും പക്ഷെ അവള്‍ക്കൊപ്പം എപ്പോഴും ഉണ്ടായിരുന്നതായിരുന്നു. എന്നിട്ടും അവള്‍ അവരെയെല്ലാം നമിച്ചു വന്നു. തൊഴുകയ്യോടെ, പ്രാര്‍ത്ഥനയോടെ. നിശബ്ദതക്ക് അത്രയും ചാരുതയുണ്ടെന്ന് ആരും കൊതിച്ചു പോകും പോലെ. കകൂപ്പി അവര്‍ക്ക് മുന്‍പില്‍ നില്‍ക്കുമ്പോള്‍ ലോകം തന്നെ അവളുടെ കൂപ്പുകൈകളിലേക്ക് ഒഴിഞ്ഞ് ഇറങ്ങും പോലെയായിരുന്നു. ...!

എത്തിപ്പിടിക്കാണോ അനുഭവിക്കാനോ ഇനിയൊന്നും ഇല്ലെന്നു അവര്‍ക്ക് ഉറപ്പില്ലായിരുന്നു. അല്ലെങ്കില്‍ തന്നെ അങ്ങിനെയൊന്ന് ഒരിക്കലും ആഗ്രഹിക്കാതിരിക്കെ അങ്ങിനെയൊന്നിനെ പറ്റി പിന്നെ ചിന്തിക്കുകയേ വേണ്ടല്ലോ. എന്നിട്ടും അവള്‍ക്കു വെവലാതികലില്ല. പ്രതീക്ഷകലില്ല. കണ്ണില്‍ കത്തുന്ന തീ മാത്രം. മനസ്സില്‍ എരിയുന്ന കനലുകള്‍ മാത്രം. അതിന്റെ ചൂട് പതുക്കെ പതുക്കെ ശരീരത്തിലേക്കും വ്യാപിക്കാന്‍ തുടങ്ങിയപ്പോഴാണ് അവള്‍ക്കു തന്നെ പോല്ലാന്‍ തുടങ്ങിയത്. ഇനിയും കാത്തിരിക്കാന്‍ വയ്യെന്ന് തീരുമാനിച്ചതും....!

പിന്നെയവള്‍ കാത്തിരിക്കാന്‍ തുടങ്ങി. തനിക്കു തന്നെ തന്നെ അവസാനിപ്പിക്കാനുള്ള മുന്നൊരുക്കത്തിനായി . തന്നില്‍ നിന്ന് തുടങ്ങി തന്നില്‍ തന്നെ അവസാനിക്കുന്ന സകലതിനുമായുള്ള കാത്തിരിപ്പ്‌ . ഒടുവിലതെതോ, ആദ്യതെതോ എന്ന് അവള്‍ക്കു തന്നെ ഉറപ്പില്ലെങ്കിലും ഒന്നവള്‍ക്ക് അറിയാമായിരുന്നു. അവള്‍ അയാള്‍ക്ക്‌ വേണ്ടി മാത്രമാണ് കാത്തിരിക്കുന്നത് എന്ന് ...!!!

സുരേഷ് കുമാര്‍ പുഞ്ചയില്‍ .
sureshpunjhayil@gmail.com

Thursday, September 9, 2010

കുറ്റസമ്മതം .....!!!

കുറ്റസമ്മതം .....!!!

മനസ്സുതുറന്നു തന്നെ സംസാരിക്കാന്‍ അയാള്‍ തീരുമാനിച്ചിരുന്നു
അപ്പോഴേക്കും. എല്ലാ തെറ്റുകളും ഏറ്റു പറഞ്ഞ്, അപരാധങ്ങള്‍ക്ക് മാപ്പ്
ചോദിച്ച് പിന്നെയും പിന്നെയും. അപ്പോഴൊക്കെയും അയാളുടെ കണ്ണുകള്‍
നിറഞ്ഞു നിന്നു. എന്നിട്ടും തുളുമ്പാതെ. നീര്‍മണികളില്‍ തിളങ്ങിയതും
അയാളുടെ മുഖം. അയാളുടെ ഭാവം. അതുകൊണ്ട് തന്നെ അവ അപ്പോഴും അയാളില്‍
തന്നെ അവശേഷിക്കുകയും ചെയ്തു.

അത്രയൊക്കെ കൊണ്ടും അയാള്‍ പരിശുദ്ധനാക്കപ്പെടുമെന്ന് അയാള്‍ പോയിട്ട്
അയാള്‍ പാപം ചെയ്തവര്പോലും കരുതിയിട്ടും ഉണ്ടാകില്ല. എന്നിട്ടും അയാള്‍
അതാവര്തിക്കുകതന്നെ ചെയ്തു. അപ്പോഴും അയാളില്‍ പക്ഷെ ഒരു തരം ഭ്രാന്തമായ
ആവേശം മാത്രമായിരുന്നു. അയാള്‍ പറയുന്നത് മറ്റുള്ളവര്‍ കേള്‍ക്കുന്നു
എന്നോ, അവരത് ഗൌനിക്കുന്നു എന്നോ അയാള്‍ അറിയാന്‍ പോലും ശ്രമിച്ചില്ല.
അങ്ങിനെയൊന്നിന്റെ ആവശ്യകത അയാളില്‍ അപ്രസക്തവുമായിരുന്നു.

അയാള്‍ക്കൊപ്പം തന്നെയായിരുന്നവര്‍ പോലും അപ്പോള്‍ അയാള്‍ക്ക്‌
കൂടെയായിരുന്നിട്ടും അയാള്‍ അവരില്‍ നിന്നൊക്കെ ഒരുപാട് അകലാന്‍ മാത്രം
ശ്രമിച്ചു. അവരെകൂടി ഇനിയും തന്റെ തെറ്റുകളുടെ കൂട്ടുകാരാക്കേണ്ട എന്ന
നന്മയെക്കാള്‍ അയാളില്‍ നിലനിന്നത് അവരിലുള്ള വിശ്വാസക്കുറവാണെന്നത്
അമ്പരപ്പിക്കുന്നതായിരുന്നു . അവിസ്വനീയവും. അയാള്‍ക്ക്‌ പിന്നെയും
അവശേഷിക്കുന്നത് അയാള്‍ മാത്രമാണെന്ന ചിന്തയും.

പിന്നെയും പിന്നെയും അയാള്‍ വാക്കുകള്‍ ആവര്‍ത്തിക്കുക മാത്രം ചെയ്തു.
അയാള്‍ക്ക്‌ പോലും ആവേശമില്ലാതെ അയാള്‍ അയാളോട് പോലുമല്ലാത്ത പോലെ.
എങ്കിലും വാക്കുകല്‍പ്പിന്നില്‍ അയാള്‍ നിലനില്‍ക്കെ അതയാള്‍ക്ക്‌ വേണ്ടി
എന്നുതന്നെയാകവേ, അയാളുടെ അപേക്ഷകളും നിറഞ്ഞു നിന്നിരുന്നു....!!!

സുരേഷ് കുമാര്‍ പുഞ്ചയില്‍ .

Tuesday, September 7, 2010

ദൈവം വരുന്ന വഴികള്‍ ....!!!

ദൈവം വരുന്ന വഴികള്‍ ....!!!

വേദനയുടെ വലിയൊരു കടമ്പ കടന്നാണ് താനും ഇവിടെ എത്തിയതെന്ന് അപ്പോള്‍ ആദ്യമായി അയാള്‍ മറന്നു പോയിരുന്നു. അഴിഞ്ഞുലഞ്ഞ കുഞ്ഞുടുപ്പുകള്‍ വാരിയണച്ച് മാറോട് ചേര്‍ക്കുമ്പോള്‍ അയാളില്‍ നേരിയ ഒരു നെടുവീര്‍പ്പുപോലും അവശേഷിചിരുന്നുമില്ല. എന്നിട്ടും അയാളുടെ കണ്ണുകള്‍ മാത്രം വ്യഗ്രമായി എന്തിനോ വേണ്ടി തിളങ്ങി. നീണ്ട കുപ്പായത്തിന്റെ ഉള്ളിലെ കീശയില്‍ കിടന്നു വിറങ്ങലിച്ചുപോയ മുഡായി മണികള്‍ പോലെ....!

കാലുകള്‍ പിന്നെയും വലിച്ചു വെച്ച് നടത്തത്തിനു വേഗം കൂട്ടുമ്പോള്‍ അയാളില്‍ പ്രത്യേകിച്ചൊരു ആവേശവും ഉണ്ടായിരുന്നുമില്ല. എന്നിട്ടും വേഗം എത്താനായി അയാള്‍ തിടുക്കപ്പെട്ടു. അല്ലെങ്കില്‍ വേഗതക്ക് തന്നെ ഇപ്പോള്‍ എന്ത് പ്രസക്തി. മെല്ലെതുടങ്ങിയ കാറ്റ് ശക്തി പ്രാപിക്കുന്നത് അയാള്‍ അസ്വസ്ഥതയോടെ നോക്കി നിന്നു. അത് ശക്തമാകുന്നതിനേക്കാള്‍ അയാളെ അത്ഭുതപ്പെടുത്തിയത് ആ കാറ്റില്‍ താന്‍ തന്നെ പറന്നു പോകുമോ എന്നല്ല. ആ കാറ്റ് നിലക്കുംപോഴെക്കും അങ്ങെതിയില്ലെങ്കില്‍ അവിടെ മഴയുണ്ടാകില്ലല്ലോ എന്നായിരുന്നു. മറവിലേക്ക് മനം തുറക്കുന്ന നേര്‍ത്ത മഴ. ...!

കുറച്ചുമാത്രം ദൂരെ അപ്പോഴും അയാളെ കാത്തിരിക്കുന്ന നാല് മരവിച്ച കണ്ണുകളില്‍ അപ്പോഴും അവശേഷിച്ച പ്രതീക്ഷ ..! അതുതന്നെയല്ലേ ഒരുപക്ഷെ അയാളുടെ യാത്രയും. കാലുകളിലൂടെ അതയാളുടെ തലച്ചോറിലേക്ക് അപ്പോഴും രക്തം ഇരച്ചുകയറ്റിക്കൊണ്ടേയിരുന്നിരുന്നു. അവശേഷിക്കുന്ന ആ കണ്ണുകള്‍ അയാള്‍ക്ക്‌ വേണ്ടിയല്ലാതെ മറ്റൊന്നിനും ബാക്കിനില്‍ക്കില്ലെന്നു അയാള്‍ക്ക് ഉറപ്പില്ലെങ്കിലും ആ കണ്ണുകളില്‍ അങ്ങിനെ എന്തോ തന്നെയായിരുന്നു അവശേഷിചിരുന്നിരുന്നതും. ഒരു മൌനത്തിന്റെ ബാക്കി പത്രം പോലെ ....!

കൈകളില്‍ ശക്തിയൂന്നി, നെഞ്ചില്‍ കിതപ്പുകൂട്ടി, കാലുകളിലേക്ക് ഊര്‍ന്നിറങ്ങുമ്പോള്‍ അയാളുടെ കണ്ണുകളില്‍ പോലും ജീവനില്ലാതിരുന്നിട്ടും ആ കുഞ്ഞുടുപ്പുകള്‍ അപ്പോഴും അയാളുടെ ഹൃദയത്തോട് ചേര്‍ന്ന് തന്നെ ഇരുന്നിരുന്നു. ആശങ്കയുടെ മുഖപടത്തെ വകഞ്ഞുമാറ്റി പുതിയൊരു ശ്വാസത്തിന്റെ തുടക്കം കണക്കെ, പുറത്തെ മഞ്ഞില്‍ തണുത്തുപോയ അവ ഓരോന്നും അയാളുടെ നെഞ്ഞിന്കൂടിലെ ചൂടേറ്റു പുത്തന്‍ പോലെ തിളങ്ങി ക്കൊണ്ടേയിരുന്നുമിരുന്നു ....!!!

സുരേഷ് കുമാര്‍ പുഞ്ചയില്‍ .


അക്ഷരങ്ങള്‍ പെയ്തൊഴിയുമ്പോള്‍ ......!!!

അക്ഷരങ്ങള്‍ പെയ്തൊഴിയുമ്പോള്‍ ......!!!

നിലാവ് പെയ്യുമ്പോള്‍ ഞാന്‍ ആകാശ ചെരുവില്‍ സ്വപ്നങ്ങള്‍ക്ക് താരാട്ട് പാടുകയായിരുന്നു ... അങ്ങിനെ തുടങ്ങാനാണ് ആഗ്രഹിച്ചത്‌. അതൊരു നല്ല തുടക്കമാകുമെന്ന് മനസ്സ് പറഞ്ഞിരുന്നു. പക്ഷെ കണ്ണുകള്‍ തുറന്നു പിടിക്കാന്‍ തന്നെ കണ്ണടകള്‍ ഇല്ലാത്ത ഈ നേരത്ത് എങ്ങിനെ ഹൃദയം തുറക്കും. എങ്ങിനെ മനസ്സ് തുറക്കും. അതുകൊണ്ട് തന്നെ, അക്ഷരങ്ങള്‍ കുന്നുകൂടുംപോഴും വാക്കുകള്‍ക്കു മുന്നില്‍ പതറുന്നു. പാറുന്നു.....!

കണ്ണുകള്‍ക്കും അപ്പുറത്ത് കാഴ്ച്ചയുടെ മൂടുപടം മറയ്ക്കാന്‍ പോന്ന അത്രയും അക്ഷരക്കൂട്ടങ്ങള്‍ ചുറ്റിലും ചിതറിതെറിക്കവേ വാക്കുകള്‍ക്കു പരതുന്ന ഒരു വിഡ്ഢിയായി നില്‍ക്കേണ്ടിവരുന്ന അവസ്ഥ.. മരണം പിന്നെയും ഭേദമെന്നപോലെ. അല്ലെങ്കില്‍ ജീവിതത്തിനും അപ്പുറം എന്നപോലെ. എന്നിട്ടും വാക്കുകള്‍ക്കുള്ളിലേക്കൊന്നു എത്തിനോക്കാന്‍ പോലുമാകാതെയും ......!

അക്ഷരങ്ങള്‍ക്ക് നിറവും മണവും നല്‍കി അവയ്ക്ക് തൊങ്ങലുകളും ചാര്തുകളും തീര്‍ത്തു അലങ്കരിച്ചു മറ്റുള്ളവര്‍ക്ക് മുന്നില്‍ വീറോടെ വിളമ്പുമ്പോള്‍ തല ഉയരുന്നത് ആത്മവിസ്വാസതോടെയല്ലെന്നു അവനവനെങ്കിലും തോന്നിയാല്‍ ചാരിതാര്‍ത്ഥ്യം. വിവരം എന്നത് അവനവനില്‍ നിന്ന് തന്നെ തുടങ്ങുന്നതെന്ന ബാലപാഠമെങ്കിലും ഓര്‍മ്മയിലേക്കും ....!

അക്ഷരങ്ങള്‍ക്കും മീതെ, വാക്കുകള്‍ക്കും മീതെ അറിവിനും മീതെ അവനവന്‍ എന്നത് അറിവെന്നു അഹങ്കരിക്കുംപോള്‍ അക്ഷരങ്ങളില്‍ ആകാശവും ഭൂമിയും നക്ഷത്രങ്ങള്‍ മുഴുവന്‍ തന്നെയും നിറയ്ക്കുംപോഴും ജീവിതം സ്പര്‍ശിക്കാന്‍ പോലുമാകുന്നില്ലെങ്കില്‍ പിന്നെ വാക്കുകള്‍ തന്നെ എന്തിനുവേണ്ടി ...???

സുരേഷ് കുമാര്‍ പുഞ്ചയില്‍