Wednesday, August 11, 2010

വരാന്ത .....!!!

വരാന്ത .....!!!

വാതിലുകള്‍ തുറക്കുന്നത് പുറത്തേക്കു തുറക്കുന്ന നീണ്ട വരാന്തയിലെക്കാണ്. ആ വരാന്തക്കുമപ്പുറം പിന്നെയും അകത്തേക്ക് തുറക്കുന്ന വാതിലുകള്‍ ...! ചില ജനലുകളും...! എല്ലാറ്റിനും മുന്നില്‍ പക്ഷെ ആ വാരന്തയുടെ ഒരു ശകലം എപ്പോഴുമുണ്ടായിരുന്നു. നീണ്ട ആ വരാന്ത ഉണ്ടാക്കിയത് തന്നെ വാതിലുകള്‍ പുറത്തേക്കു തുറക്കുന്നതിനു വേണ്ടി മാത്രമാണെന്ന് തോന്നും. അല്ലെങ്കില്‍ ജനലുകളും വാതിലുകളും ഉണ്ടാക്കിയത് ആ വരാന്തയെകൂടി കണ്ടുകൊണ്ടുമാകാം.

എപ്പോഴും നിഴലുകള്‍ക്ക് ഒളിച്ചു കളിക്കാന്‍ ഒരിടം. പിന്നെ കാറ്റിനു പതുങ്ങി പതുങ്ങി മൂളി നടക്കാന്‍ ഒരിടം. മൂലകളില്‍ തങ്ങി നില്‍ക്കുന്ന തണുപ്പിനു ഒരു മരവിച്ച ഗന്ധവും. നീണ്ട ആ വരാന്തയെ താഴെ നിന്ന് നോക്കുമ്പോള്‍ അങ്ങിനെയാണ് കാണാറ്. അല്ലെങ്കില്‍ എന്തൊക്കെയോ ദുരൂഹതയുടെ ഒരു ഇരമ്പല്‍ ഉറങ്ങുന്ന സ്ഥലമെന്നും. മഞ്ഞ നിറമുള്ള ചുവരുകള്‍ക്കിടയില്‍ നിറയെ തൂണുകളുള്ള ആ വരാന്ത ഭൂമിയുടെ മറ്റൊരു കണ്ണാടിയായി.

എന്നിട്ടും, ജീവിതത്തിന്റെ ഒരു ഭാഗമായി ആ വരാന്ത മാറിയപ്പോള്‍ ചിത്രം അങ്ങിനെ അല്ലാതായി മാറി. ജീവന്റെ തുടിപ്പുകള്‍ എങ്ങും തങ്ങി നില്‍ക്കുന്ന, ചിത്ര ശലഭാങ്ങള്‍ക്കും കാറ്റാടി ചില്ലകള്‍ക്കും പാരിനടക്കാവുന്ന, കിളികള്‍ക്കും പറവകള്‍ക്കും കൊഞ്ചിക്കളിക്കാവുന്ന, മനസ്സിന്റെ ഒരു ഭാഗം തന്നെയായി ആ വരാന്ത. അവിടെ നിന്നല്ലാതെ ജീവിതത്തെ എവിടെ നിന്നും നോക്കി കാണാന്‍ പോലും ആകില്ലെന്നായപ്പോള്‍, ജീവന്‍ തന്നെയായി ആ വരാന്തയും.

വാതിലുകള്‍ക്കും ജനലുകള്‍ക്കും വീടിനും അപ്പുറം തൊടിയും വഴികളും കടന്ന്, കുളവും, വയലുകളും കടന്ന്‌ കുന്നുകള്‍ക്കും പുഴ്കള്‍ക്കും അപ്പുറമുള്ള ലോകം മുഴുവനായും ചുരുങ്ങി ഒതുങ്ങി വരുന്നത് ആ വരാന്തയിലേക്ക്‌ മാത്രമായപ്പോള്‍ ജീവന്‍ തുടിക്കുന്നത് തന്നെ ആ വരാന്തയില്‍ ‌ മാത്രമായി. അല്ലെങ്കില്‍ പിന്നെ ജീവിതം തന്നെ അവിടെ മാത്രമാകുമ്പോള്‍ ജനലുകളും വാതിലുകളും മാത്രമല്ല, ലോകം തന്നെ തുറക്കുന്നതും അങ്ങോട്ട്‌ മാത്രമകുമല്ലോ ....!!!

No comments:

Post a Comment

sureshpunjhayil@gmail.com