Sunday, August 29, 2010

ചിന്തകള്‍, ആകാശത്തോളം ....!!!

ചിന്തകള്‍, ആകാശത്തോളം ....!!!

ആ കെട്ടിടത്തിന് ഒരുപാട് മുറികള്‍ ഉണ്ടായിട്ടും ആ ഒരു മുറിക്കു മാത്രമായിരുന്നു അങ്ങിനെയൊരു പ്രത്യേകത ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെ ആ മുറിക്കു പുറത്തു എപ്പോഴും ഒരാള്‍ക്കൂട്ടവും കാണായി വന്നു. എന്നിട്ടുംപക്ഷേ ആരും ആ മുറിയില്‍ കയറിയില്ല . അവിടെ താമസിച്ചുമില്ല. അപ്പോഴും ആ മുറി എല്ലാവര്ക്കും വേണ്ടി എപ്പോഴും തയ്യാറായി ഇരുന്നു. ആരെയും സ്വീകരിക്കാന്‍ പാകത്തില്‍.

പുറത്തേക്കു തുറക്കുന്ന ആ ജനലില്‍ കൂടി താഴേക്ക് നോക്കിയാല്‍ കാണാവുന്ന ദൂരതിലായിരുന്നു അപ്പോഴും ആകാശം. എന്നിട്ടും ഒരിക്കല്‍ പോലും ആ ജനലിലൂടെ ആകാശം കാണാന്‍ ആരും ശ്രമിച്ചതേയില്ല. അല്ലെങ്കില്‍ തന്നെ ആകാശം മാത്രമായി ആര്‍ക്കും കാണാവുന്ന ദൂരത്തിലും അല്ലല്ലോ. എന്നിട്ടും ആശിച്ചു നോക്കവേ മനസ്സില്‍ നിന്നും ഒരിക്കലെങ്കിലും ഉതിര്‍ന്നു വീഴാത്ത ഒരു നിശ്വാസം പോലെ.. അതങ്ങിനെ പാതി വഴിയില്‍ പരിണാമം കാത്ത്. ഇനി എങ്ങോട്ടെന്നു സ്വയം നിശ്ചയമില്ലാതെ. അവയ്ക്കിടയില്‍, നിശ്ചലമായി വീണ്ടും.

എങ്ങിനെയാണ് അങ്ങോട്ട്‌ എത്തുന്നതെന്ന് ഒരു നിശ്ചയവും ഇല്ലാതിരുന്നിട്ടും അങ്ങോട്ട്‌ മാത്രമായിരുന്നു എപ്പോഴും മനസ്സ് സഞ്ചരിച്ചു കൊണ്ടേയിരുന്നത്. ഒരു പക്ഷെ അതൊരു നിശ്ചയവും ആയിരുന്നിരിക്കാം. വെറുതേയുള്ള മോഹങ്ങളുടെ മേല്‍ മനസ്സ് നേടുന്ന വിജയത്തിന്റെ പാതയും. എന്നിട്ടും മനസ്സുമാത്രം എപ്പോഴും തോറ്റുകൊണ്ടേയിരുന്നു. ആര്‍ക്കും കീഴടക്കാന്‍ പറ്റാതതെന്നു സ്വയം അഹങ്കരിക്കുംപോഴും ആശ്വാസം പോലുമില്ലാതെ.

ജനലുകള്‍ മുറുക്കെ അടച്ചുവെച്ചു അവയ്ക്കുമേല്‍ വാതിലുകളും വെച്ച് ബന്ധിച്ചിട്ടും ആകാശം അപ്പോഴും താഴെതന്നെയായി നിലകൊണ്ടു. ആര്‍ക്കും കാണാവുന്ന ദൂരത്തില്‍, ആര്‍ക്കും തൊടാന്‍ കഴിയാത്ത അത്രയും ഉയരത്തില്‍.

സുരേഷ്കുമാര്‍ പുഞ്ചയില്‍.

Wednesday, August 11, 2010

വരാന്ത .....!!!

വരാന്ത .....!!!

വാതിലുകള്‍ തുറക്കുന്നത് പുറത്തേക്കു തുറക്കുന്ന നീണ്ട വരാന്തയിലെക്കാണ്. ആ വരാന്തക്കുമപ്പുറം പിന്നെയും അകത്തേക്ക് തുറക്കുന്ന വാതിലുകള്‍ ...! ചില ജനലുകളും...! എല്ലാറ്റിനും മുന്നില്‍ പക്ഷെ ആ വാരന്തയുടെ ഒരു ശകലം എപ്പോഴുമുണ്ടായിരുന്നു. നീണ്ട ആ വരാന്ത ഉണ്ടാക്കിയത് തന്നെ വാതിലുകള്‍ പുറത്തേക്കു തുറക്കുന്നതിനു വേണ്ടി മാത്രമാണെന്ന് തോന്നും. അല്ലെങ്കില്‍ ജനലുകളും വാതിലുകളും ഉണ്ടാക്കിയത് ആ വരാന്തയെകൂടി കണ്ടുകൊണ്ടുമാകാം.

എപ്പോഴും നിഴലുകള്‍ക്ക് ഒളിച്ചു കളിക്കാന്‍ ഒരിടം. പിന്നെ കാറ്റിനു പതുങ്ങി പതുങ്ങി മൂളി നടക്കാന്‍ ഒരിടം. മൂലകളില്‍ തങ്ങി നില്‍ക്കുന്ന തണുപ്പിനു ഒരു മരവിച്ച ഗന്ധവും. നീണ്ട ആ വരാന്തയെ താഴെ നിന്ന് നോക്കുമ്പോള്‍ അങ്ങിനെയാണ് കാണാറ്. അല്ലെങ്കില്‍ എന്തൊക്കെയോ ദുരൂഹതയുടെ ഒരു ഇരമ്പല്‍ ഉറങ്ങുന്ന സ്ഥലമെന്നും. മഞ്ഞ നിറമുള്ള ചുവരുകള്‍ക്കിടയില്‍ നിറയെ തൂണുകളുള്ള ആ വരാന്ത ഭൂമിയുടെ മറ്റൊരു കണ്ണാടിയായി.

എന്നിട്ടും, ജീവിതത്തിന്റെ ഒരു ഭാഗമായി ആ വരാന്ത മാറിയപ്പോള്‍ ചിത്രം അങ്ങിനെ അല്ലാതായി മാറി. ജീവന്റെ തുടിപ്പുകള്‍ എങ്ങും തങ്ങി നില്‍ക്കുന്ന, ചിത്ര ശലഭാങ്ങള്‍ക്കും കാറ്റാടി ചില്ലകള്‍ക്കും പാരിനടക്കാവുന്ന, കിളികള്‍ക്കും പറവകള്‍ക്കും കൊഞ്ചിക്കളിക്കാവുന്ന, മനസ്സിന്റെ ഒരു ഭാഗം തന്നെയായി ആ വരാന്ത. അവിടെ നിന്നല്ലാതെ ജീവിതത്തെ എവിടെ നിന്നും നോക്കി കാണാന്‍ പോലും ആകില്ലെന്നായപ്പോള്‍, ജീവന്‍ തന്നെയായി ആ വരാന്തയും.

വാതിലുകള്‍ക്കും ജനലുകള്‍ക്കും വീടിനും അപ്പുറം തൊടിയും വഴികളും കടന്ന്, കുളവും, വയലുകളും കടന്ന്‌ കുന്നുകള്‍ക്കും പുഴ്കള്‍ക്കും അപ്പുറമുള്ള ലോകം മുഴുവനായും ചുരുങ്ങി ഒതുങ്ങി വരുന്നത് ആ വരാന്തയിലേക്ക്‌ മാത്രമായപ്പോള്‍ ജീവന്‍ തുടിക്കുന്നത് തന്നെ ആ വരാന്തയില്‍ ‌ മാത്രമായി. അല്ലെങ്കില്‍ പിന്നെ ജീവിതം തന്നെ അവിടെ മാത്രമാകുമ്പോള്‍ ജനലുകളും വാതിലുകളും മാത്രമല്ല, ലോകം തന്നെ തുറക്കുന്നതും അങ്ങോട്ട്‌ മാത്രമകുമല്ലോ ....!!!

Wednesday, August 4, 2010

വരകള്‍...!!!

വരകള്‍...!!!

കറുപ്പില്‍ വെളുപ്പാണോ വെളുപ്പില്‍ കറുപ്പാണോ എന്ന് അവിടെമാത്രം
ഒരിക്കലും സംശയിക്കേണ്ടി വരില്ല. കാരണം അവ ഉണ്ടാക്കിയിരിക്കുന്നത്
കറുകറുത്ത റോഡിലാണ് എന്നത് കൊണ്ട് തന്നെ. എന്നിട്ടും വെളുത്ത ആ വരകള്‍
ചിലപ്പോഴെങ്കിലും അങ്ങിനെയൊരു സംശയം ജനിപ്പിക്കാതെയും ഇരുന്നില്ല. റോഡ്‌
കറുത്ത് മാത്രമായി രിഉന്നില്ലെന്കിലുമ് വരകള്‍ പലപ്പോഴും വെളുപ്പായി
ഇരിക്കാതെയും ആയിരുന്നു.

അങ്ങോട്ടോ അല്ലെങ്കില്‍ ഇങ്ങോട്ടോ എപ്പോഴൊക്കെ സഞ്ചരിക്കേണ്ടി വന്നാലും ആ
വരകള്‍ മുന്നില്‍ കാണപ്പെട്ടു. അതിലൂടെയുള്ള യാത്രകളാണ് സുരക്ഷിതമെന്ന്
എല്ലാവരും ഒരേ സ്വരത്തില്‍ അവകാശപ്പെട്ടിരുന്നു. എല്ലാവരും അങ്ങിനെ
പറയുന്നു എന്നത് എനിക്കും അറിവുമുണ്ടായിരുന്നു . എന്റെ ജീവനും
ശരീരത്തിനും എനിക്കും പ്രാധാന്യമുണ്ടായിരുന്നിട്ടും ഞാന്‍ പക്ഷെ
പലപ്പോഴും ആ വരകളെ അവഗണിച്ചു. കണ്മുന്നിലുണ്ടായിട്ടും പലപ്പോഴും
കണ്ടില്ലെന്നു നടിച്ചു. ചിലപ്പോഴൊക്കെ മനപ്പൂര്‍വ്വം അവഗണിച്ചു.
എന്നിട്ടും ആ വരകള്‍ എനിക്ക് മുന്‍പില്‍ അല്ലെങ്കില്‍ എനിക്ക് പിന്നില്‍
അങ്ങിനെതന്നെ തുടര്‍ന്നും അവശേഷിച്ചു പോന്നു.

നിര്‍ഭയത്തോടെ കടക്കാനുള്ളതായിട്ടും പലപ്പോഴും അതിലൂടെയുള്ള യാത്രയും
ചന്ചലമായി. ഒരടി മുന്നോട്ട് പിന്നെ ഒരു ചാട്ടം പിന്നോട്ട്, വണ്ടികള്‍
അടുത്തെത്തും വരെ കാത്തുനിന്നിട്ടു അവ മുന്നിലെത്തുമ്പോള്‍ അവയ്ക്ക്
മുന്നിലൂടെ തിരക്ക് പിടിച്ച്. അല്ലെങ്കില്‍ ഒന്നിച്ച് തിരക്കിട്ട്
വരുന്ന വാഹന വ്യൂഹത്തിന് മുന്നിലൂടെ ഇതെന്റെ അവകാശമാണെന്ന മട്ടില്‍
അഹങ്കാരത്തോടെ മന്ദം മന്ദം. മുറിച്ചു കടത്താന്‍ ആളുകളുണ്ടെങ്കിലും ഞാന്‍
എന്റെ ഇഷ്ട്ടതിനു മാത്രം എന്ന മട്ടില്‍ മറ്റു ചിലപ്പോള്‍. വേറെ
ചിലപ്പോള്‍ ആരെങ്കിലും എന്റെ കൈ പിടിച്ച് അപ്പുരമെതിക്കാന്‍ വരുമെന്ന
മട്ടില്‍ കാത്തുകാത്ത്. എല്ലാറ്റിനും മുന്നില്‍ അല്ലെങ്കില്‍ പുറകില്‍
അപ്പോഴും മൂകമായി ആ വരകള്‍.

ആവശ്യമുള്ളിടത്ത് മാത്രമല്ലാതെ ചിലപ്പോള്‍ ഉപദ്രവമായും, അല്ലെങ്കില്‍
ആവശ്യമില്ലാതിടത്തും ഒരു പേരിനു മാത്രമായും ആ വെളുത്ത വരകള്‍.
ആവശ്യകാരന് വേണ്ടിയും ചിലപ്പോള്‍ വരപ്പിക്കുന്നവന്റെ ആവശ്യതിനനുസരിച്ചും
അതുമല്ലെങ്കില്‍ വരക്കുന്നവന്റെ ആവശ്യത്തിനായും വരകള്‍ ...!