Saturday, December 26, 2009

തിരക്ക്, തിരക്ക്....!

തിരക്ക്, തിരക്ക്....!

കൂടിയും കിഴിച്ചും പിന്നെയും ബാക്കിയാകുന്ന അക്കങ്ങള്‍ക്ക് നടുവില്‍ അയാള്‍ അപ്പോഴും ഏകനായിരുന്നു. ഏകാന്തത അത്രയും രുചികരമാണെന്ന് അയാള്‍ അപ്പോള്‍ ഓര്‍ത്തതേയില്ല. കറിക്കൂട്ടുകളുടെ മണമുള്ള നിശബ്ദത പോലെ... ശാന്തമായി അയാള്‍ മെല്ലെ തന്റെ കസേരയിലേക്ക് ചാഞ്ഞിരുന്നു. ഒരു ചായ കിട്ടിയിരുന്നെങ്കില്‍...! ആഗ്രഹമല്ലേ... നടക്കണമെന്നില്ലല്ലോ. എന്നിട്ടും അയാള്‍ക്ക് അതും പ്രാപ്യമായി. പതിവില്ലതതെങ്കിലും അപ്പോല്‍കടന്നു വന്ന പിയൂണ്‍ അയാളുടെ ഇരിപ്പിലെ പന്തികേടില്‍ മനം നൊന്താകണം അയാള്‍ക്കുള്ള ചായ മേശപ്പുറത്തു കൊണ്ടുവന്ന് അടച്ചു വെച്ച്, ഒന്നും പറയാതെ തിരിച്ചു പോയി...! അതില്‍ മാത്രം ഒട്ടും പതിവില്ലയ്മയുണ്ടായില്ല അപ്പോള്‍.

ചായയുടെ ചൂട് കൊണ്ടാകണം അന്തരീക്ഷം മെല്ലെ തണുക്കാന്‍ തുടങ്ങി.അതങ്ങിനെയാനല്ലോ. ചിലപ്പോള്‍ നമ്മളും അതിനു കൂട്ടാകും. എന്നിട്ടും അയാളില്‍ വിയര്‍പ്പു തുള്ളികള്‍ പോടിഞ്ഞുതിര്‍ന്നു അയാളിലൂടെ ഒലിച്ചിറങ്ങി കസേരതണ്ടില്‍ ചെന്ന് മുട്ടി നിന്ന് അയാളെ രക്ഷയ്ക്കായി വിളിക്കാന്‍ തുടങ്ങിയപ്പോള്‍ അയാള്‍ മെല്ലെ എഴുന്നേറ്റു. ചിന്തിച്ചത് ഫാനിന്റെ സ്വിച് ഇടാന്‍ ആണെങ്കിലും ചെയ്തത് ജാലകങ്ങള്‍ വലിച്ചടക്കുകയായിരുന്നു. കിടുക്കി കൊണ്ടാണ് വാതിലുകള്‍ അടഞ്ഞത്. അയാളോടുള്ള പ്രതിഷേധം അതില്‍ വേറിട്ട്‌ കാണാമായിരുന്നു. എന്നിട്ടും അയാള്‍ വിയര്‍ക്കുക തന്നെ ചെയ്തു കൊണ്ടിരുന്നു.

ചട്ടക്കൂടില്‍ നിന്ന് ദീര്‍ഘ നിശ്വാസം വിട്ടുകൊണ്ട് കടലാസുകള്‍ക്കൊപ്പം അക്കങ്ങളും മെല്ലെ പുറത്തിറങ്ങാന്‍ തുടങ്ങി. അവ ഒന്നിന് മേലെ ഒന്നായി അവിടെയെല്ലാം തകര്‍ത്തു തരിപ്പനമാക്കവേ അയാള്‍ നിസ്സംഗതയോടെ അവയെ നോക്കി പല്ലിളിച്ചു നിന്നു. ചിലപ്പോള്‍ അവതന്നെ തോല്പ്പിക്കുമോ എന്ന് അയാള്‍ ഭയപ്പെട്ടു. തന്റെ കസേര മുറുകെ പിടിച്ചിട്ടും നില്‍ക്കാന്‍ വയ്യെങ്കിലോ എന്ന് വേദനിച്ച് അയാള്‍ ഒരു കയര്‍ കൊണ്ട് വന്ന് കസേരയെ അടുത്ത കസേരയുമായി കെട്ടിയിട്ടു. പിന്നെ അതിന്റെ മേലെ മറ്റൊരു കസേരയും വലിച്ചിട്ടു അതില്‍ കയറി ഇരിപ്പായി. അത്രയും ഉയരതിള്‍ക്ക് ഒരു തിരമാലപോലും വരില്ലെന്ന അഹങ്കാരത്തോടെ.

തലയ്ക്കു മുകളിലായിരുന്നു അപ്പോള്‍ സൂര്യന്‍. എന്നിട്ടും അയാള്‍ക്ക്‌ ചുറ്റും ഇരുട്ട് വ്യാപിക്കാന്‍ തുടങ്ങുന്നത് അയ്യാള്‍ പരിഹാസത്തോടെ കണ്ടു നിന്നു. സൂര്യന്‍ ഒരുപക്ഷെ അയാള്‍ കണ്ടിട്ടില്ലായിരിക്കാം. എങ്കിലും അയാള്‍ അത് കാര്യമാകിയില്ല. അപ്പോഴേക്കും അയാളെയും കടന്നു അക്കങ്ങള്‍ അക്ഷരങ്ങള്‍ക്കൊപ്പം സഞ്ചാരം തുടങ്ങിയിരുന്നു. ഒന്നില്‍ നിന്നും പൂജ്യതിലെക്കുള്ള ദൂരം പോലെ അയ്യാള്‍ വല്ലാതെ വിഷമിച്ചു പോയി. ഇനിയും വൈകിയാല്‍ അയാള്‍ക്ക്‌ അയാള്‍ പോലും അന്ന്യമാകും. അതിനു മുന്‍പേ ....!!!