Wednesday, November 4, 2009

പ്രണയം ...!!!

പ്രണയം ...!!!

പ്രണയം പൂക്കുന്ന ആ താഴ്വരയിലെ പുഴയുടെ തീരത്ത് ഒരു കൊച്ചു വീട്. അതായിരുന്നു ഞങ്ങളുടെ മോഹം. അത് പക്ഷെ സ്വര്‍ണ്ണം കൊണ്ട് തന്നെ വേണമെന്ന് ഞാന്‍ ആഗ്രഹിച്ചപ്പോള്‍ എന്റെ പ്രിയതമയ്ക്ക് അത് പൂക്കള്‍ കൊണ്ട് വേണമെന്നായിരുന്നു ....!

അങ്ങിനെ പൂക്കളും തളിരുകളും കൊണ്ട് ഞങ്ങളാ വീടൊരുക്കി. നിശക്ക് വെള്ളി അരഞ്ഞാണം കെട്ടി നിലാവ് ഉദിക്കുമ്പോഴും അതിനു ശേഷം സ്വര്‍ണ കൊലുസുമായി സൂര്യന്‍ ഉണരുമ്പോഴും ഞങ്ങള്‍ ആ താഴ്വരയിലൂടെ പാട്ടുകള്‍ പാടി നടന്നു....!

ആകാശത്തിലെ അനന്ത കോടി നക്ഷത്രങ്ങളെ കാവലിരുത്തി ഞങ്ങള്‍ പ്രണയം കൈമാറി. എനിക്കവളും, അവള്‍ക്കു ഞാനും മാത്രമായി. കാറ്റ് വീശുന്നതും മഞ്ഞു പൊഴിയുന്നതും ഞങ്ങളിലെ പ്രണയത്തിന്റെ തീവ്രത കൂട്ടാന്‍ മാത്രമായി. മഴ ഞങ്ങളില്‍ പിന്നെയും പിന്നെയും പെയ്തു നിറച്ചത് പ്രണയം മാത്രമായിരുന്നു ...!

യുഗങ്ങള്‍ തന്നെ ഇനിയും കഴിഞ്ഞിട്ടും പിന്നെയും ഞങ്ങള്‍ കാത്തിരിക്കുന്നു. മനസ്സും ശരീരവും പകര്‍ന്നു നല്‍കി ജീവിതം തന്നെ നിറഞ്ഞു നല്‍കി ഞങ്ങളിലെ പ്രണയത്തിന്റെ നിറഞ്ഞു നില്‍ക്കുന്ന ഈ പൂക്കള്‍ കായ്കളും ഫലങ്ങളുമായി മാറുന്നതും കാത്തു ഞങ്ങളിനിയും കാതോര്‍ത്തിരിക്കുന്നു. പ്രണയപൂര്‍വ്വം ....!!!!

അച്ഛനമ്മമാരോടൊപ്പം .....!!!

അച്ഛനമ്മമാരോടൊപ്പം .....!!!

ഒരുപാട് കാലത്തിനു ശേഷമാണ് അന്ന് ഞങ്ങള്‍ അവരുടെ വീട്ടില്‍ പോയത്. അവരുടെ മൂന്നാമത്തെ കുട്ടിയെ കാണാന്‍. അന്ന് ആശുപത്രിയില്‍ വെച്ച് രണ്ടു വയ്യം കണ്ടതല്ലാതെ വീട്ടിലേക്കു ഇതുവരെ പോയിരുന്നില്ല. അങ്ങോട്ടുള്ള പോക്ക് മനപ്പോര്‍വ്വം വൈകിച്ചതല്ല. അവരുടെ തന്നെ അസൌകര്യം കണക്കിലെടുത്താണ് ഇത്രയും വൈകിച്ചത്. ഇനിയും വൈകിയാല്‍ കുട്ടി ഞങ്ങളെ അന്വേഷിച്ചു വരും എന്ന അവസ്ഥയായിരുന്നു അപ്പോള്‍. അങ്ങിനെ അവിടെയെത്തി. അതുമാത്രമല്ല അപ്പോഴത്തെ യാത്രക്ക് പ്രചോദനം. അവരുടെ ഇടയിലെ ചെറിയൊരു സൌന്ദര്യ പിണക്കം തീര്‍ക്കുകയും ആയിരുന്നു.

കാഴ്ച്ചയുടെ മുനമ്പില്‍ നിന്ന് ജീവിതതിലെക്കെതിയപ്പോള്‍ കുറച്ചു ദൂരം അറിയാതെ നടന്നു കഴിഞ്ഞിരുന്നു. ഇനി തിരിച്ചുപോകേണ്ട അവസ്ഥ. എങ്കിലും അവരെയും കൂടെ കൂട്ടാന്‍ തന്നെ തീരുമാനിച്ചു. നഷ്ട്ടപ്പെടലാണ് വിങ്ങുന്നത്. പരിഭവങ്ങലാണ് നിറഞ്ഞു നില്‍ക്കുന്നത് എങ്ങും. കുറച്ചു സമയത്തിന് ശേഷം തന്നെ ഞാന്‍ അവരിലൊരാളായി. എന്റെ ഭാര്യയെ അടുക്കളയില്‍ ഭക്ഷണം ഉണ്ടാകാന്‍ പറഞ്ഞയച്ച് കുട്ടികളെ കളിക്കാനും വിട്ട് ഞാന്‍ അവര്‍ക്കൊപ്പമിരുന്നു.

പ്രശ്നം കുടുംബം തന്നെ. അവന്റെ വീട്ടില്‍ അമ്മ മാത്രമേ ഉള്ളു. അമ്മ പറയുന്നു എല്ലാവരും അവിടെ ചെന്ന് നില്‍ക്കാന്‍. അമ്മക്ക് വയസ്സായി. ആരും നോക്കാനില്ല. ഇനി ഇവരോടൊപ്പം കഴിയാനാണ് അമ്മക്ക് താത്പര്യം. അവനും അതാണ്‌ താത്പര്യം. നാട്ടില്‍ പോയാലും അവനും വേണമെങ്കില്‍ അവള്‍ക്കും ഒരു ജോലി കിട്ടും. തുടര്‍ന്നുള്ള ജീവിതം അവിടെയാകാം.

അവളുടെ വീട്ടിലും വയസ്സായ അച്ഛനും അമ്മയുമാണ് ഉള്ളത്. രണ്ടുപേരും രോഗികളും. നോക്കാന്‍ അവര്‍ക്കും ആരുമില്ല. അവള്‍ക്കു അവരുടെ അടുത്ത് പോയി നില്‍ക്കണം. അവളുടെ വീടാണെങ്കില്‍ പട്ടണത്തിലും. അതുകൊണ്ട് കുട്ടികളുടെ പഠിപ്പിന് അതാണ്‌ നല്ലതെന്ന് അവള്‍ ധീരമായി വാദിക്കുന്നു.

രണ്ടുപേരും അവരവരുടെ തീരുമാനങ്ങളില്‍ നിന്ന് മാറാന്‍ ആഗ്രഹിക്കുന്നില്ല. അല്ലെങ്കില്‍ അവര്‍ക്കതിനു കഴിയില്ല. രണ്ടുപേര്‍ക്കും അവരവരുടെ അച്ഛനമ്മമാര്‍ വളരെ വേണ്ടപ്പെട്ടവര്‍. രണ്ടുപേര്‍ക്കും അവരോടു നല്ല സ്നേഹവും. അതുകൊണ്ട് തന്നെ ഒരു വിട്ടുവീഴ്ചക്ക് സാധ്യതയുമില്ല. ഇവിടെ കുട്ടികളാണെങ്കില്‍ റൂമില്‍ തനിച്ചാണ് മിക്കപ്പോഴും. ഇവര്‍ രണ്ടുപേരും ജോലിക്ക് പോയാല്‍, പിന്നെ കുട്ടികളുടെ കാര്യം വളരെ കഷ്ട്ടമാണ്. ഇപ്പോള്‍ മൂന്നാമത്തെ കുട്ടിയും. മാതാപിതാക്കളെ ഇവിടെ കൊണ്ടുവന്നു നിര്‍ത്താമെന്ന് പറഞ്ഞാല്‍ അതിനവര്‍ക് കഴിയുകയുമില്ല. നാട്ടിലാണെങ്കില്‍ രണ്ടു വീട്ടുകാരും മക്കളെയും കൊച്ചുമക്കളെയും പ്രതീക്ഷിച്ചിരിപ്പും. ഇനി എങ്ങിനെ ഇതിനൊരു പരിഹാരം കാണും ....???

പ്രതീക്ഷ ....!!!

പ്രതീക്ഷ ....!!!

എപ്പോഴും അവനു പറയാനുണ്ടായിരുന്നത് മരണത്തെ കുറിച്ച് മാത്രമായിരുന്നു. ചിലപ്പോള്‍ ശരിയായിരിക്കാം. അവന്‌ ആ അവസ്ഥയില്‍ ഏറ്റവും പ്രിയപ്പെട്ടത് മരണം തന്നെ എന്ന് അവന്‍ കരുതുന്നതില്‍ ഞാന്‍ തെറ്റ് പറയില്ല. എങ്കിലും അത് കേള്‍ക്കുമ്പോള്‍ വല്ലാത്തൊരു വിങ്ങലാണ്. അത് മാത്രവുമല്ല, എന്നോടല്ലാതെ അവനു അടുപ്പമുള്ള എല്ലാവരോടും അവന്‍ കാണുമ്പോഴെല്ലാം പറയുന്നതും അത് മാത്രവും. അതുകൊണ്ട് തന്നെ അങ്ങോട്ട്‌ ചെല്ലുമ്പോഴെല്ലാം അവന്റെ ഭാര്യക്കും മക്കള്‍ക്കും കരയാനെ നേരമുണ്ടായിരുന്നുള്ളൂ , ഞങ്ങളെ കാണുമ്പോഴെല്ലാം. അങ്ങിനെ അങ്ങോട്ടുള്ള യാത്രയും ക്രമേണ കുറഞ്ഞു വന്നു.

എന്നാലും അവനെ കുറിച്ച് എപ്പോഴും അന്വേഷിക്കാറൂണ്ടായിരുന്നു . അവന്റെ ഭാര്യയോടും കുട്ടികളോടും മറ്റു ബന്ധുക്കളോടും എല്ലാം എപ്പോഴും . അവരുടെ ദൈന്യത ക്രമേണ അവരുടെ ഭാവം തന്നെയായി മാറിക്കഴിഞ്ഞിരുന്നു അപ്പോഴേക്കും. എന്നിട്ടും ഞങ്ങള്‍ ചിലര്‍ മാത്രം അപ്പോഴും പ്രതീക്ഷിച്ചു. വെറുതെ എങ്കിലും.

അല്ലെങ്കില്‍ തന്നെ വളരെ കുറച്ചുകാലം കൊണ്ട് എങ്ങിനെയാണ് നമുക്കൊരു വിധിയെഴുതാനാവുക. അവനു പറ്റിയ അപകടത്തെക്കുറിച്ച് വിശദമായ ഒരു അന്വേഷണം തന്നെ ഞങ്ങള്‍ നടത്തി നോക്കി. അതിലൂടെ എന്തെങ്കിലും ഒരു അവസരം പ്രതീക്ഷിക്കുകയായിരുന്നു ഞങ്ങള്‍. അവനെ പരിശോധിച്ച ആശുപതികളും ഡോക്ടര്‍മാരും ഒക്കെയായി ഞങ്ങള്‍ നിരന്തരം സമ്പര്‍ക്കം പുലര്‍ത്തി. എല്ലായിടത്തും ഒരു അവസരത്തിനായി ഞങ്ങള്‍ തിരയുകയായിരുന്നു. പലപ്പോഴും ചോദ്യ രൂപത്തിലുള്ള ആളുകളുടെ മുഖം ഞങ്ങളെ രോഷാകുലരാക്കിയിരുന്നു. എന്നിട്ടും പിന്മാറാന്‍ ഞങ്ങള്‍ ഒരുക്കമല്ലായിരുന്നു. ഒരിക്കലും ഇനി രക്ഷപ്പെടില്ലെന്ന് എല്ലാ ഡോക്ടര്‍മാരും തീര്‍ത്തു പറഞ്ഞിട്ടും , അപകടത്തില്‍ രണ്ടുകാലുകളും രണ്ടു കൈകളും തളര്‍ന്ന അവനെ ഞങ്ങള്‍ക്ക് അങ്ങിനെയങ്ങ് ഉപേക്ഷിക്കാന്‍ പറ്റുമോ.

അല്ലെങ്കില്‍ തന്നെ എങ്ങിനെയാണ് ഞങ്ങള്‍ക്ക് പിന്മാറാന്‍ കഴിയുക. എട്ടു പത്തു പേരുള്ള ആ വലിയ കുടുംബത്തിന്റെ ഏക അതാണിയായിരുന്ന അവന്‍ ഇങ്ങിനെ കിടന്നാല്‍ എട്ടും പൊട്ടും തിരിയാത്ത അവന്റെ മൂന്നു കുട്ടികളും ഒരറിവുമില്ലാത്ത അവന്റെ ഭാര്യയും എങ്ങിനെ ജീവിക്കും. ഒരു ദുശേലന്ഗലുമില്ലാതെ അട്വാനിച്ചു കുടുംബം പോറ്റിയിരുന്ന അവന്‍ മാത്രമായിരുന്നു ആ വീടിന്റെ ഒരേ ഒരാശ്രയം . അതുമാത്രമോ, തീരെ വയ്യാത്ത അവന്റെ അച്ഛനും അമ്മയും മാത്രമല്ല അവനെ ആശ്രയിച്ചു നില്‍ക്കുന്നത്. അവന്റെ ബുദ്ധിമാന്ദ്യമുള്ള രണ്ടു പെങ്ങന്മാരും കൂടിയാണ്. പിന്നെ ഒരു മുത്തച്ഛനും മുത്തശ്ശിയും കൂടിയും. ഞങ്ങള്‍ക്ക് പിന്നെ പ്രതീക്ഷിച്ചല്ലേ പറ്റു ....!!!

പുറകിലേക്കുള്ള കാറ്റ് ....!!!

പുറകിലേക്കുള്ള കാറ്റ് ....!!!

എന്ത് കൊണ്ടെന്നറിയില്ല അപ്പോഴും കാറ്റ് വീശിക്കൊണ്ടിരുന്നത് പുറകിലേക്കാണ്. അറിയാതെ എന്നോണം അതിനൊപ്പം യാത്രയായിട്ടും തെല്ലോരഹങ്കാരത്തോടെ അത് തിരിച്ചു വീശാന്‍ കൂട്ടാക്കിയുമില്ല. വകവെക്കാതെ കടന്നു പോകാമായിരുന്നിട്ടും അതിന്റെ അവഗണന പക്ഷെ തീര്‍ത്തും അരോചകം തന്നെ ആയിരുന്നു ...!

രൂക്ഷമായ ഒരു നോട്ടത്തില്‍ അതത്രയും ഒതുക്കി, മുന്നോട്ടു കയറിപ്പോകാന്‍ പലവട്ടം തുനിഞ്ഞതാണ് പിന്നെയും എന്തോ .. മനസ്സ് പറഞ്ഞിരുന്നത് വേണ്ട എന്ന് മാത്രം, കാലുകള്‍ പുറകിലേക്ക് തന്നെ വലിച്ചു വെക്കുമ്പോള്‍, ഒരു അടക്കിപ്പിടിച്ച ചിരി കേട്ടുവോ. അതെ സംശയമല്ല. അല്ലെങ്കിലും ചിരികളില്‍ ഒളിഞ്ഞിരിക്കുന്ന കപടത പലപ്പോഴും തിരിച്ചറിയാനാകാറില്ലല്ലോ ...!

ഇനിയും ഒരുപക്ഷെ ശക്തമാകും മുന്‍പ് അതിനെ അതിന്റെ വഴിക്ക് വിട്ടു നമ്മുടെ വഴി തേടാം. അല്ലെങ്കില്‍ തന്നെ എന്തിനാണ് മറ്റുള്ളവരുടെ വഴിയില്‍ ഒരു കരടായി. അതുമല്ലെങ്കില്‍, ആഗ്രഹിചില്ലെങ്കിലും അങ്ങിനെ ആയി മാറുകയെങ്കിലും വേണ്ടല്ലോ. ഇനിയൊരുപക്ഷേ അതിന്റെ ഗതിയില്‍ ചലനങ്ങലുണ്ടായാല്‍ പോലും പ്രതീക്ഷിക്കാം എന്നല്ലാതെ മറ്റെന്താണ് വഴി.

മറുത്തൊന്നും പറയാതെ തന്നെയും അത് പുറകിലേക്ക് തന്നെ തുടര്‍ന്നു. ഇനി ഒരുപക്ഷെ എതിര്‍ദിശയില്‍ നിന്നുള്ള കൈവഴികള്‍ക്ക് കൂട്ടുനില്‍ക്കാനെന്നു കരുതിയോ എന്തോ, ഒരിക്കലും മുന്നോട്ടു നോക്കാത്‌ തന്നെ. ആവേശം.. ഒരുപക്ഷെ നിസ്സംഗത.. ഇനി ചിലപ്പോള്‍ മതിമറന്ന ആത്മ പ്രീണനം.. എന്തുമായാലും മുന്നിലെ വഴി മുന്നോട്ടു തന്നെയായിട്ടും, കാറ്റ് മാത്രം അപ്പോഴും വീശുന്നത് പുറകിലേക്ക് മാത്രവും ....!!!!

ജീവിതം ....!!!

ജീവിതം ....!!!

നിറങ്ങളാണ് ചുറ്റും ... പച്ച ... ചുവപ്പ് ... മഞ്ഞ .... ഇനി മറ്റു ചിലപ്പോള്‍ അരിച്ചെത്തുന്ന കറുപ്പും. എന്തുകൊണ്ടോ എനിക്ക് പക്ഷെ കൂടുതലും ഇഷ്ട്ട്മായത് എപ്പോഴെങ്കിലും മാത്രം കടന്നെത്തുന്ന ആ കറുപ്പാണ്. അതിനൊരു വാത്സല്ല്യത്തിന്റെ ചുവ.. അല്ലെങ്കില്‍ ഒരു താരാട്ടിന്റെ ഈണം ...!
ഹ ഹ ഹ ...!
എന്തെ പേടിച്ചു പോയോ... ഏയ്‌ .. ഞാന്‍ അങ്ങിനെയോക്കെയുമാണ് എന്ന് പറഞ്ഞെന്നു മാത്രം... !
ഓ.. അതാ ഒരു നിറ ത്തുണ്ട് മഞ്ഞില്‍ അലിഞ്ഞില്ലാതാകുന്നു ...! വല്ലാത്തൊരവസ്ത തന്നെ അല്ലെ...!
മെല്ലെ മെല്ലെ, അലിഞ്ഞു അലിഞ്ഞു... സ്വയം തന്നെ ഇല്ലാതാവുക ...!
ആലോചിക്കാന്‍ തന്നെ വയ്യ...!
ഹോ എന്തൊരു വേദന ... എപ്പോഴെങ്കിലും കുറച്ചെങ്കിലും മറക്കാമെന്നു വെക്കുമ്പോള്‍, പിന്നെയും കിരികിരിപ്പോടെ കടന്നെത്തും ... !!
പറക്കാനായിരുന്നു അന്നെല്ലാം എല്ലായിടവും തിരഞ്ഞിരുന്നത്... ഭൂമിയും, ആകാശവും പോരാഞ്ഞ്, പാതാള ലോകത്തേക്കുള്ള വഴിയില്‍ ചെന്ന് മുട്ടി നിന്നത് മാത്രം ഓര്‍മ്മയുണ്ട്.
പിന്നെ ചുടു നിശ്വാസങ്ങള്‍ മാത്രം.. കാതുകളില്‍ ഇരമ്പലുകള്‍ മാത്രം... കണ്ണുകളില്‍ വര്‍ഷ മേഘങ്ങളുടെ താളമേളങ്ങള്‍ മാത്രം ...! മനസ്സ് ഒരു അപ്പൂപ്പന്‍ താടി പോലെ...! ശരീരം ഒരു ചങ്ങാടതിലെന്നോണം .. !
അതിരുകള്‍ ഏതെന്നോ .. അല്ലെങ്കില്‍ അങ്ങിനെയൊന്നു ഉണ്ടെന്നോ ... അറിഞ്ഞതെ ഇല്ല... അല്ലെങ്കില്‍ തന്നെ എവിടെ അതിനൊക്കെ സമയം...!
അതുമല്ലെങ്കില്‍ എല്ലാ സമയവും നമുക്ക് മാത്രവും ...!
വേഗങ്ങളുടെ ആവലാതികള്‍ മുരളുകയാവും എപ്പോഴും...! പോരാത്ത ദാഹത്തില്‍ എങ്ങുമെതാതിരിക്കാനുള്ള പരക്കം പാച്ചിലും ...!
ചിലപ്പോള്‍ തീക്കുപോലും ചൂടില്ലെന്നു.. മറ്റു ചിലപ്പോള്‍ പൊള്ളുന്ന മഞ്ഞു തുള്ളികളും ...! ജീവിതം എത്ര വിചിത്രം ...!!!
വേഗതയുടെ വേഗങ്ങള്‍ തീരാത്ത മഴയുടെ വാശിപോലെ എങ്ങും ഏതാതെയും ..!
ഹോ... എന്തിനാ ഇങ്ങിനെ കുത്തുന്നത് ...! അല്ലെങ്കില്‍ ആകട്ടെ.. എല്ലാവരും സന്തോഷമായിരിക്കട്ടെ...!
ഇനി എത്ര നാള്‍...!!!

പരസ്പരം ...!

പരസ്പരം ...!

വേദനയുടെതാണ് സായാഹ്നങ്ങള്‍ എപ്പോഴും. വിരഹത്തിന്റെ അല്ലെങ്കില്‍ ഏകാന്തതയുടെ. ഇനി അതുമല്ലെങ്കില്‍ നമുക്കറിയാത്ത മറ്റു പലതിന്റെയും. നഷ്ട്ടപ്പെടലുകലാണ് അതിന്റെ മറ്റൊരു നൊമ്പരം. ആശ്വാസം, ഓര്‍മ്മകളുടെയും. ജീവിതം തന്നെ ചിലപ്പോള്‍ ഓര്‍മ്മകളില്‍ മാത്രവും ആകുമ്പോള്‍, എല്ലാ വേദനകളും ഒരു പുഞ്ചിരിയില്‍ ഒതുക്കാനുമാകും.

നഷ്ട്ടപെടലിന്റെ വേദന പേറുന്ന ഒരു സന്ധ്യയിലാണ് ഞങ്ങള്‍ അവരെ കാണുന്നത്. തിരിച്ചു വരവിന്റെ പകലിനായി ഇനി കാത്തിരിക്കാന്‍ മാത്രം ഒരു ജന്മം അവര്‍ക്കില്ലെന്നത് പോലെ വിവശരായിരുന്നു അവര്‍. ഒരു മുത്തച്ചനും മുത്തശ്ശിയും. പോക്കുവെയിലിന്റെ കുളിരില്‍ അവര്‍ക്ക് വല്ലാതെ തണുക്കുന്നതായി തോന്നി. കുട്ടികള്‍ കളിക്കുന്നതിനടുത്തു മാറിയിക്കുമ്പോള്‍ പതിവ് പരിഭവങ്ങളും പരാതികളും മറന്നു അന്ന് പക്ഷെ ഞങ്ങള്‍ എന്തുകൊണ്ടോ മൌനമായി അവരെ മാത്രം നോക്കുകയായിരുന്നു.

പരസ്പരം സ്നേഹത്തോടെ കെട്ടിപ്പിടിച്ചിരിക്കുന്ന അവര്‍ക്ക് നഷ്ട്ടപെടുമോ എന്ന പേടി വല്ലാതെ അലട്ടുന്നതായി തോന്നി. പിടി വിട്ടാല്‍, അല്പമെങ്കിലും ഒന്നകന്നിരുന്നാല്‍, ചിലപ്പോള്‍ പരസ്പരം നഷ്ട്ടപ്പെട്ടാലോ. വേദന മാത്രം നിഴലിക്കുന്ന ആ മുഖങ്ങളില്‍ ആ ഒരു പേടിയുടെ രൂപം മാത്രം എപ്പോഴും വായിക്കാം. അനുസരണയില്ലാത്ത കാറ്റില്‍ പാറിപോകുന്ന പുതപ്പ് പരസ്പരം ശരിയാക്കാന്‍ അവര്‍ വല്ലാതെ വിഷമിക്കുന്നുണ്ടായിരുന്നു. അവ്യക്തത മാത്രം തീര്‍ക്കുന്ന കാഴ്ച കയ്യില്‍ നിന്ന് വഴുതിക്കളയുന്ന കടലമണികളെ ആ മണല്‍ തരികള്‍ക്കിടയില്‍ നിന്ന് കണ്ടെടുക്കാന്‍ അവരെ വല്ലാതെ വിഷമിപ്പിച്ചിരുന്നു. എങ്കിലും പരസ്പരം ഊട്ടാന്‍ അവര്‍ വല്ലാതെ കൊതിച്ചിരുന്നു അപ്പോഴും.

മനസ്സിലെ ഇരുട്ടാണ്‌ പകലിനെ മൂടുന്നതെന്ന് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്. അങ്ങിനെയെങ്കില്‍ അതുപോലെ പടരുന്ന ഇരുട്ടില്‍ പരസ്പരം അവര്‍ക്ക് അവരെ നഷ്ട്ടപെടുമ്പോള്‍ അവരും മെല്ലെ എഴുന്നേല്‍ക്കാന്‍ ആയുകയായിരുന്നു. പരസ്പരം കൈത്താങ്ങായി, പരസ്പരം ഊന്നുവടിയായി അവരിരുവരും. ഇനിയും തീരാത്ത ദുരിതങ്ങളുടെ എന്ന പോലെ കയ്യില്‍ അപ്പോഴും ഉണ്ടായിരുന്ന ഒരു ഭാണ്ഡം മുറുകെ പിടിച്ചുകൊണ്ട്‌ അവര്‍ ഇരുട്ടില്‍ മുങ്ങി തീരുന്നത് വേദനയോടെ നോക്കിയിരിക്കെ എന്റെ ഭാര്യ പരിസരം മറന്നു എന്നെ കെട്ടിപ്പിടിച്ച് കരയുകയായിരുന്നു ....!!!

ജാലകം...!!!

ജാലകം...!!!

താഴെ കടലാസ് തോണികള്‍ പോലെ ഒഴുകി നടക്കുന്ന വാഹനങളുടെ നീണ്ട നിര. അവക്കിടയിലൂടെ തിക്കി തിരക്കുന്ന മനുഷ്യക്കൂട്ടങ്ങള്‍. എങ്ങോട്ടെന്നറിയാതെ ഒഴുകി നടക്കുന്ന ജീവിതങ്ങള്‍. പലതും ദിശയില്ലാതെ, ചിലത് ദിശ തെറ്റിയും. എങ്ങും തിക്കും തിരക്കും മാത്രം. കണ്ടിട്ടും കാണാതെ, കേട്ടിട്ടും കേള്‍ക്കാതെ കടന്നു പോകുന്ന ജീവിതങ്ങള്‍. ഈ ഇരുപതാം നിലയില്‍ നിന്ന് നോക്കുമ്പോള്‍ ഇതിലും ഭംഗിയായി എങ്ങിനെ കാണാന്‍ അല്ലെ. ബഹളങ്ങളില്‍ നിന്നകന്നു കണ്ണുകള്‍ എത്തി നിന്നത് അപ്പുറത്തെ ബാല്‍ക്കണിയില്‍.

പതിവുപോലെ അതാ അവരവിടെയുണ്ട്‌. ആ രണ്ടു പ്രാവുകള്‍. എങ്ങിനെയും ഒരു കൂടുണ്ടാക്കാനുള്ള തീവ്ര ശ്രമത്തിലാണ് അവ. ഇന്നലെയും അവ കൂട്ടിവെച്ച ചുള്ളിക്കമ്പുകളോക്കെയും അവിടുത്തെ വീട്ടുകാര്‍ തൂത്ത് കളഞ്ഞിരിക്കുന്നു. എന്നിട്ടും പരിഭവിക്കാതെ ആ പ്രാവുകള്‍ വീണ്ടും പുതിയ ചുള്ളികളും നാരുകളുമായി വന്നെതിയതാണ് ഇന്നും. ചിലപ്പോള്‍ അവയ്ക്ക് കുട്ടികലുണ്ടാകാന്‍ സമയം ആയിട്ടുണ്ടാകും. എന്തൊരു ഭംഗിയാണ് അവയ്ക്ക്. എന്തൊരു സ്നേഹവും ഒരുമയും. എത്ര ആത്മാര്‍ഥമായി അവ പണിയെടുക്കുന്നു. ആരോടും പരാതിയില്ല, പരിഭവമില്ല.

അച്ഛനെയും അമ്മയെയും വല്ലാതെ ഓര്‍ത്തുപോകുന്നു ഇപ്പോള്‍. ജോലി കഴിഞ്ഞു ക്ഷീണിചെതുമ്പോഴെ അച്ഛന് ദേഷ്യമായിരിക്കും എല്ലാത്തിനോടും. എല്ലാവരെയും വെറുതേ യെങ്കിലും അച്ഛന്‍ ചീത്ത പറയുന്നത് കേള്‍ക്കാം എപ്പോഴും. അമ്മയോട് മിണ്ടുന്നതിനൊക്കെ തട്ടിക്കയരും. ഞാനോ അനിയനോ എന്തെകിലും ചോദിച്ചാല്‍ അടിവരെ കിട്ടും. അച്ഛനെ ഒന്ന് അച്ഛനായി കാണാന്‍ ഏതെങ്കിലും അവധി ദിവസം വന്നെത്തണം. അന്നത്തെ സ്നേഹം കാണുമ്പൊള്‍ അതുവരെയുള്ളതെല്ലാം മറക്കും. പക്ഷെ പിന്നെ ജോലി ദിവസങ്ങള്‍ പഴയത് പോലെ തന്നെ. അമ്മക്കുപക്ഷേ ഇതൊന്നും പ്രശ്നമേ അല്ല. എങ്ങിനെയും കുറച്ചു പണമുണ്ടാക്കി നാട് പറ്റണം എന്നെ അമ്മക്കുള്ളൂ. അതിനിടയില്‍ ആരും ഒന്നും ഒരു വിഷയമേ അല്ല.

ആദ്യമൊക്കെ വല്ലാതെ കരച്ചില്‍ വരുമായിരുന്നു. ഈ ഫ്ലാറ്റില്‍ ഒറ്റയ്ക്ക് കഴിയാന്‍ പേടിയായിരുന്നു. ആരുമില്ലാതെ അടച്ചിട്ട മുറികളില്‍ എങ്ങും പോകാന്‍ കഴിയാതെ ആരോടും മിണ്ടാന്‍ കഴിയാതെ അച്ഛനും അമ്മയും ജോലി കഴിഞ്ഞു വരുംവരെ, ജനലിലൂടെ പുറത്തേക്കും നോക്കി അല്ലെങ്കില്‍ ടെലിവിഷനിലെ കണ്ടു മടുത്ത കാര്ട്ടൂണ്കള്‍ക്ക് മുന്നില്‍. പിന്നെ അനിയന്‍ വന്നതോടെ കൂട്ടിനോരാളുമായി. പേടിയില്ലെങ്കിലും വല്ലാത്ത ഏകാന്തത. പലപ്പോഴും ചോദിച്ചിട്ടുണ്ട് അമ്മയോട്. എന്തിനാ അമ്മെ ഇങ്ങിനെ പണമുണ്ടാക്കുന്നതെന്ന് . അമ്മ പറയും അതൊന്നും നിനക്ക് മനസ്സിലാകില്ലെന്നു. എന്ത് മനസ്സിലാകാതിരിക്കാന്‍.

അനിയന്‍ ഉണര്‍ന്നെന്നു തോന്നുന്നു. അവനു വിശക്കുന്നുണ്ടാകും. പാലെടുത്ത് കൊടുത്തിട്ട് വരാം. അപ്പോഴേക്കും ഒരുപക്ഷെ ആ പ്രാവുകള്‍ കൂടൊരുക്കിയിരിക്കും. അവയെങ്കിലും സന്തോഷത്തോടെ ജീവിക്കുന്നത് കാണാമല്ലോ .....!!!