Saturday, December 26, 2009

തിരക്ക്, തിരക്ക്....!

തിരക്ക്, തിരക്ക്....!

കൂടിയും കിഴിച്ചും പിന്നെയും ബാക്കിയാകുന്ന അക്കങ്ങള്‍ക്ക് നടുവില്‍ അയാള്‍ അപ്പോഴും ഏകനായിരുന്നു. ഏകാന്തത അത്രയും രുചികരമാണെന്ന് അയാള്‍ അപ്പോള്‍ ഓര്‍ത്തതേയില്ല. കറിക്കൂട്ടുകളുടെ മണമുള്ള നിശബ്ദത പോലെ... ശാന്തമായി അയാള്‍ മെല്ലെ തന്റെ കസേരയിലേക്ക് ചാഞ്ഞിരുന്നു. ഒരു ചായ കിട്ടിയിരുന്നെങ്കില്‍...! ആഗ്രഹമല്ലേ... നടക്കണമെന്നില്ലല്ലോ. എന്നിട്ടും അയാള്‍ക്ക് അതും പ്രാപ്യമായി. പതിവില്ലതതെങ്കിലും അപ്പോല്‍കടന്നു വന്ന പിയൂണ്‍ അയാളുടെ ഇരിപ്പിലെ പന്തികേടില്‍ മനം നൊന്താകണം അയാള്‍ക്കുള്ള ചായ മേശപ്പുറത്തു കൊണ്ടുവന്ന് അടച്ചു വെച്ച്, ഒന്നും പറയാതെ തിരിച്ചു പോയി...! അതില്‍ മാത്രം ഒട്ടും പതിവില്ലയ്മയുണ്ടായില്ല അപ്പോള്‍.

ചായയുടെ ചൂട് കൊണ്ടാകണം അന്തരീക്ഷം മെല്ലെ തണുക്കാന്‍ തുടങ്ങി.അതങ്ങിനെയാനല്ലോ. ചിലപ്പോള്‍ നമ്മളും അതിനു കൂട്ടാകും. എന്നിട്ടും അയാളില്‍ വിയര്‍പ്പു തുള്ളികള്‍ പോടിഞ്ഞുതിര്‍ന്നു അയാളിലൂടെ ഒലിച്ചിറങ്ങി കസേരതണ്ടില്‍ ചെന്ന് മുട്ടി നിന്ന് അയാളെ രക്ഷയ്ക്കായി വിളിക്കാന്‍ തുടങ്ങിയപ്പോള്‍ അയാള്‍ മെല്ലെ എഴുന്നേറ്റു. ചിന്തിച്ചത് ഫാനിന്റെ സ്വിച് ഇടാന്‍ ആണെങ്കിലും ചെയ്തത് ജാലകങ്ങള്‍ വലിച്ചടക്കുകയായിരുന്നു. കിടുക്കി കൊണ്ടാണ് വാതിലുകള്‍ അടഞ്ഞത്. അയാളോടുള്ള പ്രതിഷേധം അതില്‍ വേറിട്ട്‌ കാണാമായിരുന്നു. എന്നിട്ടും അയാള്‍ വിയര്‍ക്കുക തന്നെ ചെയ്തു കൊണ്ടിരുന്നു.

ചട്ടക്കൂടില്‍ നിന്ന് ദീര്‍ഘ നിശ്വാസം വിട്ടുകൊണ്ട് കടലാസുകള്‍ക്കൊപ്പം അക്കങ്ങളും മെല്ലെ പുറത്തിറങ്ങാന്‍ തുടങ്ങി. അവ ഒന്നിന് മേലെ ഒന്നായി അവിടെയെല്ലാം തകര്‍ത്തു തരിപ്പനമാക്കവേ അയാള്‍ നിസ്സംഗതയോടെ അവയെ നോക്കി പല്ലിളിച്ചു നിന്നു. ചിലപ്പോള്‍ അവതന്നെ തോല്പ്പിക്കുമോ എന്ന് അയാള്‍ ഭയപ്പെട്ടു. തന്റെ കസേര മുറുകെ പിടിച്ചിട്ടും നില്‍ക്കാന്‍ വയ്യെങ്കിലോ എന്ന് വേദനിച്ച് അയാള്‍ ഒരു കയര്‍ കൊണ്ട് വന്ന് കസേരയെ അടുത്ത കസേരയുമായി കെട്ടിയിട്ടു. പിന്നെ അതിന്റെ മേലെ മറ്റൊരു കസേരയും വലിച്ചിട്ടു അതില്‍ കയറി ഇരിപ്പായി. അത്രയും ഉയരതിള്‍ക്ക് ഒരു തിരമാലപോലും വരില്ലെന്ന അഹങ്കാരത്തോടെ.

തലയ്ക്കു മുകളിലായിരുന്നു അപ്പോള്‍ സൂര്യന്‍. എന്നിട്ടും അയാള്‍ക്ക്‌ ചുറ്റും ഇരുട്ട് വ്യാപിക്കാന്‍ തുടങ്ങുന്നത് അയ്യാള്‍ പരിഹാസത്തോടെ കണ്ടു നിന്നു. സൂര്യന്‍ ഒരുപക്ഷെ അയാള്‍ കണ്ടിട്ടില്ലായിരിക്കാം. എങ്കിലും അയാള്‍ അത് കാര്യമാകിയില്ല. അപ്പോഴേക്കും അയാളെയും കടന്നു അക്കങ്ങള്‍ അക്ഷരങ്ങള്‍ക്കൊപ്പം സഞ്ചാരം തുടങ്ങിയിരുന്നു. ഒന്നില്‍ നിന്നും പൂജ്യതിലെക്കുള്ള ദൂരം പോലെ അയ്യാള്‍ വല്ലാതെ വിഷമിച്ചു പോയി. ഇനിയും വൈകിയാല്‍ അയാള്‍ക്ക്‌ അയാള്‍ പോലും അന്ന്യമാകും. അതിനു മുന്‍പേ ....!!!


Friday, December 25, 2009

കുട്ടികളുടെ മതം...!!!

കുട്ടികളുടെ മതം...!!!

അദ്ധേഹത്തെ ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായാണ് ഞാന്‍ പരിചയപ്പെടുന്നത്. ആ പരിചയം പിന്നെ നല്ലൊരു സുഹൃത്ത് ബന്ധത്തിലേക്കും നയിച്ചു. അദ്ദേഹം ഒരു പ്രശസ്തനായ വക്കീലാണ്. വക്കീല്‍ എന്ന് മാത്രം പറയാന്‍ പറ്റില്ല. നല്ലൊരു സാമൂഹ്യ പ്രവര്‍ത്തകനും ഉദാരമതിയും സ്നേഹ സമ്പന്നനും ഒക്കെയാണ്. ജോലിയിലെസത്യ സന്ധതയാണ് എന്നെ അദ്ദേഹവുമായി പ്രത്യേകമായി ആകര്‍ഷിച്ച ഒരു പ്രധാന ഘടകം. എടുക്കുന്ന കേസുകള്‍ വെറുതേ എങ്ങിനെയും ജയിപ്പിക്കുക എന്നതല്ല, ആ കേസുകളുടെ സത്യാവസ്ഥയിലേക്കും അദ്ദേഹം പ്രത്യേകമായി ശ്രദ്ധിച്ചിരുന്നു.

അദ്ധേഹത്തിന്റെ ഭാര്യ ഒരു ഡോക്ടര്‍ ആണ് അവരും വളരെ പ്രശസ്തയും സമൂഹത്തില്‍ അറിയപ്പെടുന്നവരും ആണ്. അവരും അദ്ധേഹത്തെ പോലെ സ്നേഹവും സഹാനുഭൂതിയും വെച്ച് പുലര്‍ത്തുന്നവര്‍ ആയിരുന്നു. പണത്തിനു വേണ്ടി മാത്രം രാപകല്‍ പണിയെടുക്കാന്‍ അവര്‍ തയ്യാറല്ലായിരുന്നു. കുടുംബവും ബന്ധങ്ങളും അവര്‍ക്ക് വളരെവിലപ്പെട്ടതായിരുന്നു. അവര്‍ക്ക് ഒരു കുട്ടിയാണ് ഉള്ളത്. അഞ്ചു വയസ്സുള്ള ഒരു പെണ്‍കുട്ടി. ഭാര്യയേയും കുട്ടിയേയും എനിക്ക് അത്ര പരിചയം ഇല്ലെങ്കിലും അദ്ധേഹത്തിന്റെ സ്നേഹപൂര്‍ണ്ണമായ നിര്‍ബന്ധതാല്‍ ഞാന്‍ ഒരു ദിവസം എന്റെ കുടുംബവുമായി അവിടെ പോകാന്‍ തീരുമാനിച്ചു.

അവര്‍ രണ്ടുപേര്‍ക്കും തിരക്കില്ലാത്ത ഒരു ദിവസം ഞങ്ങള്‍ അങ്ങോട്ട്‌ തിരിച്ചു. അങ്ങിനെ അപൂര്‍വ്വമായേ ഉണ്ടാകാറുള്ളൂ എങ്കിലും ഞങ്ങള്‍ക്കുവേണ്ടി അവര്‍ അങ്ങിനെയൊരു സമയം ഉണ്ടാക്കി കാത്തിരിക്കുകതന്നെ ചെയ്തപ്പോള്‍ ഞങ്ങള്‍ക്ക് അതല്‍പ്പം അഭിമാനവും ഉണ്ടാക്കി. ഞങ്ങള്‍ക്കായി അവര്‍ സ്നേഹത്തോടെ കാത്തിരിക്കുക തന്നെയായിരുന്നു. ഞാനും ഭാര്യയും കുട്ടികളും അവിടെയെത്തി. എവിടെയെങ്കിലും ചെല്ലുമ്പോള്‍ എന്തെങ്കിലും കൊണ്ടുപോവുക് എന്നത് ഞങ്ങളുടെ ഗ്രാമത്തിലെ ഒരു നാട്ടു നടപ്പായിരുന്നു. എങ്കിലും അതവര്‍ക്ക് ഇഷ്ട്ടമല്ലെന്നു അറിയാവുന്നതിനാല്‍ ഒന്നുമില്ലാതെയാണ് ഞങ്ങള്‍ പോയത്..

അവിടെയെത്തി സംസാരിച്ചു തുടങ്ങുമ്പോഴേക്കും അവര്‍ക്ക് അപ്രതീക്ഷിതമായി അടിയന്തിരമായ ഒരു ഫോണ്‍ കാല്‍ വന്നു. അതുമായി അദ്ദേഹവും ഭാര്യയും അകത്തു പോയപ്പോള്‍ ഞങ്ങള്‍ അവരുടെ കുട്ടിയുമായി സംസാരിക്കാന്‍ തുടങ്ങി. സംസാരിച്ചു തുടങ്ങും മുന്‍പേ ആ കുട്ടി ഞങ്ങളോട് ചോദിച്ചത് ഞങ്ങളെ തീര്‍ത്തും തളര്‍ത്തിക്കളഞ്ഞു. നിങ്ങള്‍ അമ്പലക്കരാണോ അതോ പള്ളിക്കാരാണോ എന്ന്....!!!

Sunday, December 13, 2009

കടലിലെ ഭൂതം ....!!!

കടലിലെ ഭൂതം ....!!!

ആഴിയുടെ അങ്ങേ തലയ്ക്കല്‍ ഒരു കറുത്ത ഭൂതം ഉണ്ടെന്നും, ആ ഭൂതം നിശ്വസിക്കുന്ന കാറ്റു തട്ടിയാണ് തിരമാലകള്‍ ഉണ്ടാകുന്നതെന്നും അച്ഛനാണ് പറഞ്ഞു തന്നത്. പണ്ട് കടല് കാണാന്‍ കൊണ്ട് പോകുമ്പോള്‍ കടലില്‍ ഇറങ്ങി കളിക്കാതിരിക്കാന്‍ അച്ഛന്റെ ഓരോ സൂത്രങ്ങള്‍. കടലിനടിയില്‍ ഒളിച്ചിരിക്കുന്ന ആ ഭൂതത്തിന്റെ കഥ ഞാന്‍ എന്റെ മക്കളിലേക്കും മെല്ലെ പകര്‍ന്നു നല്‍കാറുണ്ട്, അവരുമായി കടല്ക്കരയിലെതുമ്പോള്‍. കടല്‍.. അതെന്നും മോഹത്തിന്റെത് മാത്രമാണ്. എത്ര കണ്ടാലും മടുക്കാത്ത എത്ര പോയാലും കൊതി തീരാത്ത അത്രയും പ്രിയതോടെ എന്നും എപ്പോഴും ....!

കടലിനടിയിലെ ഭൂതത്തിനു എപ്പോഴും വിശപ്പാണത്രെ . അത് കടലിലെ മീനിനെയും കടലിനു മുകളിലൂടെ പറക്കുന്ന പറവകളെയും ഒക്കെ പിടിച്ചു തിന്നും എപ്പോഴും. പിന്നെയും വിശപ്പ്‌ തീരാതെ വരുമ്പോഴാണ് ആകാശത്തിലൂടെ പോകുന്ന സൂര്യനെ പിടിച്ചു തിന്നുന്നത്. അങ്ങിനെയാണത്രേ ഇരുട്ടാകുന്നതും, ഇരുട്ടിനെ രാത്രിയെന്നു പറയുന്നതും. എന്നിട്ടും വിശപ്പ്‌ തീരത്തെ വരുമ്പോള്‍ ചന്ദ്രനേയും പിടിച്ചു തിന്നുമത്രേ. അപ്പോള്‍ വീണ്ടും പകലാകുമെന്നും അച്ഛന്‍ പറയാറുണ്ട്‌. അത്രയും വിശപ്പുള്ള ഭൂതം, കടലില്‍ ഇറങ്ങുന്ന കുട്ടികളെയാണത്രെ എപ്പോഴും നോട്ടമിടുക. അതുകൊണ്ടാണ് കുട്ടികള്‍ കടലില്‍ ഇറങ്ങി കളിക്കരുതെന്ന് പറയുന്നതത്രേ.

വഞ്ചികളില്‍ മുക്കുവര്‍ മീന്‍ പിടിക്കാന്‍ പോകുമ്പോള്‍ അവരാദ്യം ഭൂതത്തിനു വഴിപാടുകള്‍ കഴിച്ചു അതിനെ ത്രിപ്തിപ്പെടുതിയിട്ടെ കടലില്‍ പോകു എന്നാണു അച്ഛന്‍ പറഞ്ഞു തന്നത്. അവരുടെ പ്രാര്‍ത്ഥനകളും അച്ഛന്‍ കാണിച്ചു തന്നപ്പോള്‍ അത് വിശ്വസിക്കാതിരിക്കാന്‍ ഞാന്‍ എന്ന അഞ്ചു വയസ്സുകാരന് കഴിയാറില്ല. അവരുടെ പ്രാര്തനകളില്‍ ഞാന്‍ എന്നും പങ്കു ചേരാറുണ്ട് കടല്‍ക്കരയില്‍ പോകുമ്പോള്‍. എന്നെ ഭൂതംപിടിച്ചില്ലെങ്കിലും അവരെ ഒന്നും ചെയ്യരുതേ എന്നായിരുന്നു പ്രര്ഥാന.

എത്ര വലുതായിട്ടും, എപ്പോഴും മോഹിപ്പിക്കുമെങ്കിലും കടല്‍ എപ്പോഴും ആ ഭൂതത്തിന്റെ ഓര്‍മ്മകളും മനസ്സിലുടക്കിപ്പിക്കും. കടലില്‍ ഇറങ്ങിക്കളിക്കുംപോള്‍ എപ്പോഴും ഒരു കണ്ണ് അങ്ങേ തലക്കലെക്കായിരിക്കും. ഒരിക്കലും വരില്ലെന്ന് ഉറപ്പുള്ള ആ ഭൂതം എങ്ങാനും വരുന്നുണ്ടോ എന്ന ഒരു സംശയം. വലുതായി ഭാര്യയോടൊപ്പം കടലില്‍ കുളിക്കാന്‍ ഇറങ്ങുമ്പോള്‍ അവള്‍ കളിയ്യാക്കും. ഭൂതം പിടിക്കുമെന്ന് പറഞ്ഞു. പിന്നെ കുട്ടികളായി അവരോടു ഈ കഥ പറയുമ്പോള്‍ അപ്പോഴും അവള്‍ എന്നെ കളിയാക്കും. പിന്നെ പിന്നെ കുട്ടികള്‍ അത് ശ്ഗ്രധിക്കാതായി . എന്നിട്ടും എന്റെ സംശയം മാത്രം ബാക്കി. ഇപ്പോഴും എപ്പോള്‍ കടല്‍ ക്കരയില്‍ പോകുമ്പോഴും കുറച്ചു സമയം കണ്ണടച്ച് നില്‍ക്കും. ആ ഭൂതത്തിനുവേണ്ടി....!!!

മാതൃ സ്പര്‍ശം ...!!!

മാതൃ സ്പര്‍ശം ...!!!

മൂകാംബിക... വാക്ദേവതയുടെ വാസ സ്ഥലം ....!!! അവസരം കിട്ടുമ്പോഴെല്ലാം അവിടെ പോകാറുണ്ടെങ്കിലും ചില സമയങ്ങളിലെ യാത്ര മാത്രമാണ് ഹൃദയത്തില്‍ തട്ടാറു ള്ളത്. ആശ്വാസത്തോടെ പ്രാര്‍ത്ഥിക്കാനും അവിടുത്തെ സരസ്വതീ മണ്ഡപത്തില്‍ കുറച്ചു സമയം ഇരിക്കാനും സൌപര്‍ണികയില്‍ ഒന്ന് മുങ്ങിക്കുളിക്കാനും ഒക്കെ മനസ്സിന് തൃപ്തിയോടെ കഴിയുക അപൂര്‍വ്വമായി മാത്രം. അങ്ങിനെ ഒരിക്കല്‍ അവിടെയെത്തിയത് തനിച്ചാണ്. അപ്രാവശ്യമെന്തോ തീരെ തിരക്കില്ലായിരുന്നു അവിടെ. അവിടെയെത്തി പതിവ് ലോഡ്ജില്‍ മുറിയെടുത്ത് സാധനങ്ങളൊക്കെ വെച്ച് സൌപര്‍ണികയില്‍ പോയി കുളിച്ചു, അമ്പലത്തിലെത്തി വിശദമായി തന്നെ തൊഴുത്‌ കഴിഞ്ഞ് സരസ്വതീ മണ്ടപതിലെത്തി . കുറച്ചു സമയം പ്രാര്‍ത്ഥനയോടെ അവിടെ ഇരിക്കുവാന്‍ തീരുമാനിച്ചു.

ചുറ്റും ആളുകള്‍ തീരെ കുറവായതിനാല്‍ നല്ല ശാന്തിയോടെ പ്രാര്‍ത്ഥിക്കാനായി. ഏകാഗ്രതയോടെ തീര്‍ത്തും ഭക്തിയോടെ ഹൃദയപൂര്‍വ്വം, മൂകാംബികയുടെ തിരു സന്നിധിയില്‍ സ്വയം സമര്‍പ്പിച്ചുകൊണ്ട്. കണ്ണടച്ചിരിക്കെ പ്രാര്തനയിലെവിടെയോ മെല്ലെ ഒരു കുഞ്ഞിന്റെ ചിരി മനസ്സിലേക്ക് കടന്നു വന്നു. ഓമനയായ ഒരു സുന്ദരിക്കുട്ടി. ഏകദേശം ഒരു വയസ്സുള്ള ഒരു പെണ്‍കുട്ടി, അവള്‍ വശ്യമായി എന്നെ നോക്കി ചിരിക്കുകയും എനിക്കുമുന്നില്‍ അവിടെയൊക്കെ കളിച്ചുനടക്കുകയും ചെയ്യുന്നു. പിന്നെ പിന്നെ അവള്‍ എന്നെ ദേഹത്ത് വന്നു തൊട്ടു വിളിക്കാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ കണ്ണ് തുറന്നു. നോക്കിയത് അങ്ങിനെ ഒരു പെണ്‍കുട്ടിയുടെ മുഖത്ത് തന്നെ. സത്യത്തില്‍ ഞാന്‍ ഞെട്ടിപ്പോയി. ഇത് സ്വപ്നമല്ലെന്ന് ഉറപ്പിക്കാന്‍ എനിക്ക് കുറച്ചു സമയം തന്നെ വേണ്ടിവന്നു.

പിന്നെ പിന്നെ യാഥാര്‍ത്യത്തിലേക്ക് ഇറങ്ങി വരവേ അവള്‍ എന്റെ മുന്നിലിരുന്നു കളിക്കുകയാണ്. എന്നെ നോക്കി ചിരിച്ചുകൊണ്ട് തന്നെ. അവളുടെ ബന്ധുക്കളെ നോക്കവേ കുറച്ചു മാറി അവളുടെ അമ്മയെ കണ്ടു. ഇടക്കൊന്നു നോക്കുന്നതല്ലാതെ ഇങ്ങോട്ട് ശ്രദ്ധിക്കുക പോലും ചെയ്യാതെ അവര്‍ അവിടെ അവരുടെ മറ്റുള്ളവര്‍ക്കൊപ്പം. അവരുടെ തന്നെയാണ് ഈ കുഞ്ഞു എന്ന് എനിക്കത്ര ഉറപ്പൊന്നും ഉണ്ടായിരുന്നില്ലെങ്കിലും ഞാന്‍ അങ്ങിനെ വിസ്വസിക്കുകയായിരുന്നു. കുഞ്ഞാകട്ടെ മറ്റാരെയും ശ്രദ്ധിക്കാതെ എന്റെയൊപ്പം കളിക്കുകയാണ്. മുട്ടില്‍ നടക്കുന്ന അവളുടെ കാല്‍ മുട്ടില്‍ ഇടയ്ക്കിടെ അരിമണികള്‍തറക്കുമ്പോള്‍ അവളുടെ മൃദുവായ ദേഹം ‍ നോവുകയും പിന്നെ അവിടെയിരുന്നു വേദനിക്കുന്ന ഭാഗം തടവുകയും ചെയ്യും. അരിമണികള്‍ തറക്കുന്നത് ഇടതുകാലിലെങ്കില്‍ അവള്‍ പക്ഷെ തിരയുന്നത് വലതു കാലിലായിരിക്കുമെന്നു മാത്രം. അതെന്നില്‍ വല്ലാത്ത കൌതുകമുണര്‍ത്തി.

ഞാന്‍ മെല്ലെ അവളെ നോക്കവേ അവള്‍ എന്നെ നോക്കി വശ്യമായി ചിരിക്കാന്‍ തുടങ്ങി. മെല്ലെ എന്റെ ദേഹത്ത് കയറി കളിക്കാനും എന്നോട് എന്തൊക്കെയോ അവളുടെ ഭാഷയില്‍ സംസാരിക്കാനും തുടങ്ങി. ഞാന്‍ ഒരു പ്രത്യേക ലോകത്തായി കുറച്ചു നേരം. അവളെന്നെ സരസ്വതീ വിഗ്രഹത്തിന്റെ അടുത്തേക്കാണ് മെല്ലെ കൊണ്ട് പോയിരുന്നത്. അവള്‍ക്കൊപ്പം മുട്ടിലില്‍ നടന്നും നിരങ്ങി നീങ്ങിയും എത്തവേ ഒരു ബ്രമാത്മകമായ അനുഭൂതിയിലായി ഞാന്‍. അവിടെയെത്തി ആ സരസ്വതീ ചിത്രത്തിന് മുന്നില്‍ നമസ്കരിച്ചത് മാത്രം എനിക്കോര്‍മ്മയുണ്ട്. പിന്നെ എത്രസമയം അങ്ങിനെ കിടന്നു എന്നറിയില്ല. ഉണര്‍ന്നു നോക്കുമ്പോള്‍, ചുറ്റില്‍ ആരുമില്ല. എന്നിലേക്ക്‌ ഞാന്‍തിരിച്ചെതിയതും എഴുന്നേറ്റു ആ കുഞ്ഞിനായി ഞാന്‍ എമ്പാടും തിരഞ്ഞു നടന്നു. പക്ഷെ ഒരിക്കലും അങ്ങിനെയൊരു കുഞ്ഞിനെ അവിടെയെങ്ങും എനിക്ക് കാണാനേ കഴിഞ്ഞില്ല.......!!!!


Wednesday, December 2, 2009

ദിക്കുകള്‍ തേടി ...!!!

ദിക്കുകള്‍ തേടി ...!!!

എപ്പോഴും സൂര്യന്‍ കിഴക്കാണ് ഉദിക്കാരുള്ളത് . കിഴ്ക്കെന്നാല്‍ , സൂര്യന്‍ എവിടെയാണോ ഉദിക്കുന്നത് അത് മാത്രവും. അപ്പോള്‍ പടിഞ്ഞാറ് തന്നെയാണ് സൂര്യന്‍ അസ്തമിക്കുന്നതെന്ന് എങ്ങിനെ പറയാനാകും... എങ്കിലും ആകട്ടെ.. സൂര്യന്‍ അസ്തമിക്കുന്നതെവിടെയോ അത് തന്നെ പടിഞ്ഞാറും...! അപ്പോള്‍ ദിക്കുകളില്‍ ഒരു തീരുമാനമായി. ഇനി പക്ഷെ ഞാന്‍ തിരിഞ്ഞിരിക്കുന്നത് തെക്കൊട്ടാണെങ്കിലോ .അതിനു വിപരീതമായ വടക്കിനു മുന്‍പിലെങ്കില്‍ ... വടക്കിനു തന്നെയല്ലേ ദിശാ ബോധങ്ങളില്‍ ഏറെ പ്രാധാന്യം... വടക്ക് നോക്കിയല്ലേ നമ്മള്‍ മറ്റു ദിശകള്‍ കണ്ടെത്തുന്നത്... നമുക്ക് കാണാകുന്ന നമ്മുടെ ജീവല്‍ പ്രധാനിയായ സൂര്യന്‍ നമ്മുടെ മുന്നില്‍ കിഴക്ക് ഉദിക്കുമ്പോള്‍ , എന്തിനാണ് നേര്‍ക്കാഴ്ചയുടെ ഒരു സൂചനയും ഇല്ലാത്ത വടക്ക് തന്നെ നോക്കി നമ്മള്‍ ദിശ അളക്കുന്നത് ....!!!!!

കിഴക്ക് ഉദിക്കുന്ന സൂര്യനും പടിഞ്ഞാറ് അസ്തമിക്കുന്ന സൂര്യനും തമ്മില്‍ എന്തെങ്കിലും വ്യത്യാസം ഉണ്ടോ എന്നാണു ഇപ്പോള്‍ ഞാനും ചിന്തിക്കുന്നത്. അങ്ങിനെ എങ്കില്‍, ഒരു വടക്ക് നോക്കി യന്ത്രം വെച്ച് കിഴക്ക് കണ്ടു പിടിച്ച്, അവിടെ സൂര്യന്‍ ഉദിക്കുന്നതും നോക്കി നിന്ന് , ആ സൂര്യന്‍ പിന്നെ പടിഞ്ഞാറ് അസ്തമിക്കുന്നതും കാത്തിരുന്ന്, അസ്തമയ ശേഷം, തെക്കോട്ട്‌ തന്നെ യാത്രയും ചെയ്യണം...! തെക്കോട്ട്‌ യാത്ര... അങ്ങിനെ പറയുമ്പോള്‍ എല്ലാവരും പേടിക്കും. അത് യമ ലോക മത്രേ... പക്ഷെ എന്റെ വീടിന്റെ മുഖം തന്നെ തെക്കൊട്ടാകയാല്‍ ഞാന്‍ എപ്പോഴും ഇറങ്ങുന്നതും തെക്കോട്ട്‌ ആകുന്നു....!

എല്ലാറ്റിനും അപ്പുറം ഇനി കണ്ടെത്തേണ്ടതും കിഴക്ക് തന്നെ... കാരണം എനിക്കെന്റെ സൂര്യനെ തന്നെയാണ് നഷ്ട്ടപ്പെടുന്നത്... ഇനി കണ്ടെത്തേണ്ടതും എന്റെ സൂര്യനെ തന്നെ... ! അതിനു ശേഷം എനിക്കെന്റെ ദിക്കുകള്‍ തിരിച്ചറിയണം... ദിക്കുകള്‍ തിരിച്ചറിഞ്ഞു എനിക്ക് പോകേണ്ട ദിശയെതെന്നു കണ്ടെത്തണം... ദിശയരിഞ്ഞാല്‍ യാത്ര എളുപ്പം.. യാത്ര എളുപ്പമായാല്‍ ലക്‌ഷ്യം എളുപ്പം... ലക്ഷ്യതിലെതിയാല്‍ ഞാനും ധന്ന്യന്‍...!!! അതുകൊണ്ട് തന്നെ നിങ്ങള്‍ എന്റെ സൂര്യനെ തിരയുമോ ....???