Wednesday, November 4, 2009

ജാലകം...!!!

ജാലകം...!!!

താഴെ കടലാസ് തോണികള്‍ പോലെ ഒഴുകി നടക്കുന്ന വാഹനങളുടെ നീണ്ട നിര. അവക്കിടയിലൂടെ തിക്കി തിരക്കുന്ന മനുഷ്യക്കൂട്ടങ്ങള്‍. എങ്ങോട്ടെന്നറിയാതെ ഒഴുകി നടക്കുന്ന ജീവിതങ്ങള്‍. പലതും ദിശയില്ലാതെ, ചിലത് ദിശ തെറ്റിയും. എങ്ങും തിക്കും തിരക്കും മാത്രം. കണ്ടിട്ടും കാണാതെ, കേട്ടിട്ടും കേള്‍ക്കാതെ കടന്നു പോകുന്ന ജീവിതങ്ങള്‍. ഈ ഇരുപതാം നിലയില്‍ നിന്ന് നോക്കുമ്പോള്‍ ഇതിലും ഭംഗിയായി എങ്ങിനെ കാണാന്‍ അല്ലെ. ബഹളങ്ങളില്‍ നിന്നകന്നു കണ്ണുകള്‍ എത്തി നിന്നത് അപ്പുറത്തെ ബാല്‍ക്കണിയില്‍.

പതിവുപോലെ അതാ അവരവിടെയുണ്ട്‌. ആ രണ്ടു പ്രാവുകള്‍. എങ്ങിനെയും ഒരു കൂടുണ്ടാക്കാനുള്ള തീവ്ര ശ്രമത്തിലാണ് അവ. ഇന്നലെയും അവ കൂട്ടിവെച്ച ചുള്ളിക്കമ്പുകളോക്കെയും അവിടുത്തെ വീട്ടുകാര്‍ തൂത്ത് കളഞ്ഞിരിക്കുന്നു. എന്നിട്ടും പരിഭവിക്കാതെ ആ പ്രാവുകള്‍ വീണ്ടും പുതിയ ചുള്ളികളും നാരുകളുമായി വന്നെതിയതാണ് ഇന്നും. ചിലപ്പോള്‍ അവയ്ക്ക് കുട്ടികലുണ്ടാകാന്‍ സമയം ആയിട്ടുണ്ടാകും. എന്തൊരു ഭംഗിയാണ് അവയ്ക്ക്. എന്തൊരു സ്നേഹവും ഒരുമയും. എത്ര ആത്മാര്‍ഥമായി അവ പണിയെടുക്കുന്നു. ആരോടും പരാതിയില്ല, പരിഭവമില്ല.

അച്ഛനെയും അമ്മയെയും വല്ലാതെ ഓര്‍ത്തുപോകുന്നു ഇപ്പോള്‍. ജോലി കഴിഞ്ഞു ക്ഷീണിചെതുമ്പോഴെ അച്ഛന് ദേഷ്യമായിരിക്കും എല്ലാത്തിനോടും. എല്ലാവരെയും വെറുതേ യെങ്കിലും അച്ഛന്‍ ചീത്ത പറയുന്നത് കേള്‍ക്കാം എപ്പോഴും. അമ്മയോട് മിണ്ടുന്നതിനൊക്കെ തട്ടിക്കയരും. ഞാനോ അനിയനോ എന്തെകിലും ചോദിച്ചാല്‍ അടിവരെ കിട്ടും. അച്ഛനെ ഒന്ന് അച്ഛനായി കാണാന്‍ ഏതെങ്കിലും അവധി ദിവസം വന്നെത്തണം. അന്നത്തെ സ്നേഹം കാണുമ്പൊള്‍ അതുവരെയുള്ളതെല്ലാം മറക്കും. പക്ഷെ പിന്നെ ജോലി ദിവസങ്ങള്‍ പഴയത് പോലെ തന്നെ. അമ്മക്കുപക്ഷേ ഇതൊന്നും പ്രശ്നമേ അല്ല. എങ്ങിനെയും കുറച്ചു പണമുണ്ടാക്കി നാട് പറ്റണം എന്നെ അമ്മക്കുള്ളൂ. അതിനിടയില്‍ ആരും ഒന്നും ഒരു വിഷയമേ അല്ല.

ആദ്യമൊക്കെ വല്ലാതെ കരച്ചില്‍ വരുമായിരുന്നു. ഈ ഫ്ലാറ്റില്‍ ഒറ്റയ്ക്ക് കഴിയാന്‍ പേടിയായിരുന്നു. ആരുമില്ലാതെ അടച്ചിട്ട മുറികളില്‍ എങ്ങും പോകാന്‍ കഴിയാതെ ആരോടും മിണ്ടാന്‍ കഴിയാതെ അച്ഛനും അമ്മയും ജോലി കഴിഞ്ഞു വരുംവരെ, ജനലിലൂടെ പുറത്തേക്കും നോക്കി അല്ലെങ്കില്‍ ടെലിവിഷനിലെ കണ്ടു മടുത്ത കാര്ട്ടൂണ്കള്‍ക്ക് മുന്നില്‍. പിന്നെ അനിയന്‍ വന്നതോടെ കൂട്ടിനോരാളുമായി. പേടിയില്ലെങ്കിലും വല്ലാത്ത ഏകാന്തത. പലപ്പോഴും ചോദിച്ചിട്ടുണ്ട് അമ്മയോട്. എന്തിനാ അമ്മെ ഇങ്ങിനെ പണമുണ്ടാക്കുന്നതെന്ന് . അമ്മ പറയും അതൊന്നും നിനക്ക് മനസ്സിലാകില്ലെന്നു. എന്ത് മനസ്സിലാകാതിരിക്കാന്‍.

അനിയന്‍ ഉണര്‍ന്നെന്നു തോന്നുന്നു. അവനു വിശക്കുന്നുണ്ടാകും. പാലെടുത്ത് കൊടുത്തിട്ട് വരാം. അപ്പോഴേക്കും ഒരുപക്ഷെ ആ പ്രാവുകള്‍ കൂടൊരുക്കിയിരിക്കും. അവയെങ്കിലും സന്തോഷത്തോടെ ജീവിക്കുന്നത് കാണാമല്ലോ .....!!!

No comments:

Post a Comment

sureshpunjhayil@gmail.com