Wednesday, November 4, 2009

പരസ്പരം ...!

പരസ്പരം ...!

വേദനയുടെതാണ് സായാഹ്നങ്ങള്‍ എപ്പോഴും. വിരഹത്തിന്റെ അല്ലെങ്കില്‍ ഏകാന്തതയുടെ. ഇനി അതുമല്ലെങ്കില്‍ നമുക്കറിയാത്ത മറ്റു പലതിന്റെയും. നഷ്ട്ടപ്പെടലുകലാണ് അതിന്റെ മറ്റൊരു നൊമ്പരം. ആശ്വാസം, ഓര്‍മ്മകളുടെയും. ജീവിതം തന്നെ ചിലപ്പോള്‍ ഓര്‍മ്മകളില്‍ മാത്രവും ആകുമ്പോള്‍, എല്ലാ വേദനകളും ഒരു പുഞ്ചിരിയില്‍ ഒതുക്കാനുമാകും.

നഷ്ട്ടപെടലിന്റെ വേദന പേറുന്ന ഒരു സന്ധ്യയിലാണ് ഞങ്ങള്‍ അവരെ കാണുന്നത്. തിരിച്ചു വരവിന്റെ പകലിനായി ഇനി കാത്തിരിക്കാന്‍ മാത്രം ഒരു ജന്മം അവര്‍ക്കില്ലെന്നത് പോലെ വിവശരായിരുന്നു അവര്‍. ഒരു മുത്തച്ചനും മുത്തശ്ശിയും. പോക്കുവെയിലിന്റെ കുളിരില്‍ അവര്‍ക്ക് വല്ലാതെ തണുക്കുന്നതായി തോന്നി. കുട്ടികള്‍ കളിക്കുന്നതിനടുത്തു മാറിയിക്കുമ്പോള്‍ പതിവ് പരിഭവങ്ങളും പരാതികളും മറന്നു അന്ന് പക്ഷെ ഞങ്ങള്‍ എന്തുകൊണ്ടോ മൌനമായി അവരെ മാത്രം നോക്കുകയായിരുന്നു.

പരസ്പരം സ്നേഹത്തോടെ കെട്ടിപ്പിടിച്ചിരിക്കുന്ന അവര്‍ക്ക് നഷ്ട്ടപെടുമോ എന്ന പേടി വല്ലാതെ അലട്ടുന്നതായി തോന്നി. പിടി വിട്ടാല്‍, അല്പമെങ്കിലും ഒന്നകന്നിരുന്നാല്‍, ചിലപ്പോള്‍ പരസ്പരം നഷ്ട്ടപ്പെട്ടാലോ. വേദന മാത്രം നിഴലിക്കുന്ന ആ മുഖങ്ങളില്‍ ആ ഒരു പേടിയുടെ രൂപം മാത്രം എപ്പോഴും വായിക്കാം. അനുസരണയില്ലാത്ത കാറ്റില്‍ പാറിപോകുന്ന പുതപ്പ് പരസ്പരം ശരിയാക്കാന്‍ അവര്‍ വല്ലാതെ വിഷമിക്കുന്നുണ്ടായിരുന്നു. അവ്യക്തത മാത്രം തീര്‍ക്കുന്ന കാഴ്ച കയ്യില്‍ നിന്ന് വഴുതിക്കളയുന്ന കടലമണികളെ ആ മണല്‍ തരികള്‍ക്കിടയില്‍ നിന്ന് കണ്ടെടുക്കാന്‍ അവരെ വല്ലാതെ വിഷമിപ്പിച്ചിരുന്നു. എങ്കിലും പരസ്പരം ഊട്ടാന്‍ അവര്‍ വല്ലാതെ കൊതിച്ചിരുന്നു അപ്പോഴും.

മനസ്സിലെ ഇരുട്ടാണ്‌ പകലിനെ മൂടുന്നതെന്ന് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്. അങ്ങിനെയെങ്കില്‍ അതുപോലെ പടരുന്ന ഇരുട്ടില്‍ പരസ്പരം അവര്‍ക്ക് അവരെ നഷ്ട്ടപെടുമ്പോള്‍ അവരും മെല്ലെ എഴുന്നേല്‍ക്കാന്‍ ആയുകയായിരുന്നു. പരസ്പരം കൈത്താങ്ങായി, പരസ്പരം ഊന്നുവടിയായി അവരിരുവരും. ഇനിയും തീരാത്ത ദുരിതങ്ങളുടെ എന്ന പോലെ കയ്യില്‍ അപ്പോഴും ഉണ്ടായിരുന്ന ഒരു ഭാണ്ഡം മുറുകെ പിടിച്ചുകൊണ്ട്‌ അവര്‍ ഇരുട്ടില്‍ മുങ്ങി തീരുന്നത് വേദനയോടെ നോക്കിയിരിക്കെ എന്റെ ഭാര്യ പരിസരം മറന്നു എന്നെ കെട്ടിപ്പിടിച്ച് കരയുകയായിരുന്നു ....!!!

No comments:

Post a Comment

sureshpunjhayil@gmail.com