Tuesday, September 7, 2010

ദൈവം വരുന്ന വഴികള്‍ ....!!!

ദൈവം വരുന്ന വഴികള്‍ ....!!!

വേദനയുടെ വലിയൊരു കടമ്പ കടന്നാണ് താനും ഇവിടെ എത്തിയതെന്ന് അപ്പോള്‍ ആദ്യമായി അയാള്‍ മറന്നു പോയിരുന്നു. അഴിഞ്ഞുലഞ്ഞ കുഞ്ഞുടുപ്പുകള്‍ വാരിയണച്ച് മാറോട് ചേര്‍ക്കുമ്പോള്‍ അയാളില്‍ നേരിയ ഒരു നെടുവീര്‍പ്പുപോലും അവശേഷിചിരുന്നുമില്ല. എന്നിട്ടും അയാളുടെ കണ്ണുകള്‍ മാത്രം വ്യഗ്രമായി എന്തിനോ വേണ്ടി തിളങ്ങി. നീണ്ട കുപ്പായത്തിന്റെ ഉള്ളിലെ കീശയില്‍ കിടന്നു വിറങ്ങലിച്ചുപോയ മുഡായി മണികള്‍ പോലെ....!

കാലുകള്‍ പിന്നെയും വലിച്ചു വെച്ച് നടത്തത്തിനു വേഗം കൂട്ടുമ്പോള്‍ അയാളില്‍ പ്രത്യേകിച്ചൊരു ആവേശവും ഉണ്ടായിരുന്നുമില്ല. എന്നിട്ടും വേഗം എത്താനായി അയാള്‍ തിടുക്കപ്പെട്ടു. അല്ലെങ്കില്‍ വേഗതക്ക് തന്നെ ഇപ്പോള്‍ എന്ത് പ്രസക്തി. മെല്ലെതുടങ്ങിയ കാറ്റ് ശക്തി പ്രാപിക്കുന്നത് അയാള്‍ അസ്വസ്ഥതയോടെ നോക്കി നിന്നു. അത് ശക്തമാകുന്നതിനേക്കാള്‍ അയാളെ അത്ഭുതപ്പെടുത്തിയത് ആ കാറ്റില്‍ താന്‍ തന്നെ പറന്നു പോകുമോ എന്നല്ല. ആ കാറ്റ് നിലക്കുംപോഴെക്കും അങ്ങെതിയില്ലെങ്കില്‍ അവിടെ മഴയുണ്ടാകില്ലല്ലോ എന്നായിരുന്നു. മറവിലേക്ക് മനം തുറക്കുന്ന നേര്‍ത്ത മഴ. ...!

കുറച്ചുമാത്രം ദൂരെ അപ്പോഴും അയാളെ കാത്തിരിക്കുന്ന നാല് മരവിച്ച കണ്ണുകളില്‍ അപ്പോഴും അവശേഷിച്ച പ്രതീക്ഷ ..! അതുതന്നെയല്ലേ ഒരുപക്ഷെ അയാളുടെ യാത്രയും. കാലുകളിലൂടെ അതയാളുടെ തലച്ചോറിലേക്ക് അപ്പോഴും രക്തം ഇരച്ചുകയറ്റിക്കൊണ്ടേയിരുന്നിരുന്നു. അവശേഷിക്കുന്ന ആ കണ്ണുകള്‍ അയാള്‍ക്ക്‌ വേണ്ടിയല്ലാതെ മറ്റൊന്നിനും ബാക്കിനില്‍ക്കില്ലെന്നു അയാള്‍ക്ക് ഉറപ്പില്ലെങ്കിലും ആ കണ്ണുകളില്‍ അങ്ങിനെ എന്തോ തന്നെയായിരുന്നു അവശേഷിചിരുന്നിരുന്നതും. ഒരു മൌനത്തിന്റെ ബാക്കി പത്രം പോലെ ....!

കൈകളില്‍ ശക്തിയൂന്നി, നെഞ്ചില്‍ കിതപ്പുകൂട്ടി, കാലുകളിലേക്ക് ഊര്‍ന്നിറങ്ങുമ്പോള്‍ അയാളുടെ കണ്ണുകളില്‍ പോലും ജീവനില്ലാതിരുന്നിട്ടും ആ കുഞ്ഞുടുപ്പുകള്‍ അപ്പോഴും അയാളുടെ ഹൃദയത്തോട് ചേര്‍ന്ന് തന്നെ ഇരുന്നിരുന്നു. ആശങ്കയുടെ മുഖപടത്തെ വകഞ്ഞുമാറ്റി പുതിയൊരു ശ്വാസത്തിന്റെ തുടക്കം കണക്കെ, പുറത്തെ മഞ്ഞില്‍ തണുത്തുപോയ അവ ഓരോന്നും അയാളുടെ നെഞ്ഞിന്കൂടിലെ ചൂടേറ്റു പുത്തന്‍ പോലെ തിളങ്ങി ക്കൊണ്ടേയിരുന്നുമിരുന്നു ....!!!

സുരേഷ് കുമാര്‍ പുഞ്ചയില്‍ .


No comments:

Post a Comment

sureshpunjhayil@gmail.com