Sunday, September 19, 2010

ഇഷ്ടം .....!!!

ഇഷ്ടം .....!!!

പകല്‍ പല തരത്തില്‍ മാറി മറിഞ്ഞിട്ടും രാത്രിക്ക് മാത്രം അപ്പോഴും നിറം കറുപ്പ് മാത്രമായി നിലനിന്നു. ചിലപ്പോള്‍ ചുവപ്പും, ചിലപ്പോള്‍ നീലയും ഇനി ചിലപ്പോള്‍ കറുപ്പ് തന്നെയും. അങ്ങിനെ പലപ്പോഴും പല നിറങ്ങളില്‍ . വശ്യതയുടെ, വൈഷമ്യത്തിന്റെ, പ്രതീക്ഷയുടെ, നിരാശയുടെ ... നിറങ്ങള്‍ പലതരത്തില്‍, പല സമയങ്ങളില്‍ ...! എന്നിട്ടും ആരും പകലിനെ തേടി എതാതെയുമിരുന്നില്ല . അല്ലെങ്കില്‍ രാത്രിയെ ആരും ഇഷ്ട്ട പെടാതെയുമിരുന്നില്ല. അത് പക്ഷെ രാത്രിയുടെ നിശബ്ദതയോ, നിലാവിന്റെ പരിശുദ്ധിയോ ഒന്നും മാത്രം കൊണ്ടുമായിരുന്നുമില്ല.

അവനും അങ്ങിനെയായിരുന്നു. എപ്പോഴും ഒരു പോലെ. എങ്ങിനെയാണ് അവന് ഇങ്ങിനെ ആകാന്‍ കഴിയുന്നതെന്ന് ഞങ്ങള്‍ പലപ്പോഴും ആശ്ചര്യപെട്ട് പോകാറുണ്ടായിരുന്നു . രാത്രിയുടെ നിറമായിരുന്നില്ല അവന് പക്ഷെ. എന്നിട്ടും രാത്രിയുടെ നിശബ്ദത അവനിലും നിറഞ്ഞു നിന്നു. നിലാവിന്റെ പരിശുദ്ധിയും നിറമില്ലാതവന്റെ ലോലതയും അവനില്‍ അലിഞ്ഞു നിന്നു.

എന്നിട്ടും എനിക്കുമാത്രം, അവനെ ഇഷ്ട്ടമായി. ഒരുപാട്, ഒരുപാട് ...! അവനുപക്ഷെ വേണ്ടിയിരുന്നത് എന്റെ ഇഷ്ട്ടമല്ല എന്നറിഞ്ഞിട്ടും ഞാന്‍ അവനെ ഇഷ്ട്ടപ്പെട്ടുകൊണ്ടേയിരുന്നു. അതിനു പക്ഷെ അവന്റെ അനുവാദം പോലും വേണ്ടായിരുന്നല്ലോ...! അതുകൊണ്ട് തന്നെ ഞാന്‍ അങ്ങിനെ തുടര്‍ന്നെന്ന്കിലും അവന്‍ ആഗ്രഹിച്ച കിട്ടാത്തതില്‍ അവനെ പോലെ ഞാനും വിഷമിച്ചിരുന്നു. ഒരു പക്ഷെ അവനുവേണ്ടി അവന്റെ ഇഷ്ട്ടം പിടിച്ചു കൊടുക്കാന്‍ തന്നെ ഞാന്‍ വെമ്പല്‍ കൊള്ളുകയും ചെയ്തിരുന്നു...! എന്നിട്ടും ...!!!

സുരേഷ് കുമാര്‍ പുഞ്ചയില്‍
sureshpunjhayil@gmail.com



Saturday, September 18, 2010

കാത്തിരിപ്പ്‌ ....!!!

കാത്തിരിപ്പ്‌ ....!!!

രാത്രി അത്രയും തന്നെ പെയ്തൊഴിഞ്ഞിട്ടും നിലാവ് മാത്രം പിന്നെയും ബാക്കി. ആര്‍ക്കും വേണ്ടി കാത്തു നില്‍ക്കാത്ത കാലം അല്ലെങ്കില്‍ തന്നെ അവള്‍ക്കുവേണ്ടി എങ്ങിനെ. . അതിനവള്‍ പക്ഷെ ഒരുക്കവുമായിരുന്നില്ല. എന്നും കാലത്തിനു മുന്നേ നടക്കാന്‍ വെമ്പുന്ന അവള്‍ക്കെങ്ങിനെ ആര്‍ക്കെങ്കിലും വേണ്ടി കാത്തിരിക്കാന്‍ പറ്റും. അതുമല്ലെങ്കില്‍ കാലം പോലും അവള്‍ക്കു പിന്‍പേ നടക്കാനായിരുന്നു ഇഷ്ട്ടപ്പെട്ടിരുന്നത് എന്ന് തോന്നും പലപ്പോഴും. ....!

അക്ഷരങ്ങള്‍ക്ക് എണ്ണയൊഴിച്ച് തിരിതെളിയിച്ചിട്ടും ഒഴിയാത്ത ജ്വാലകള്‍ അവള്‍ക്കു ചുറ്റും അപ്പോഴും ഊഴം കാത്തിരുന്നു. അവളുടെ ആജ്ഞയ്ക്കായി അവ കാത്തിരുന്നു. ഏടുകള്‍ പലതും നിറഞ്ഞോഴിഞ്ഞിട്ടും അവള്‍ക്കു മതിയായിരുന്നില്ല. ഏടുകള്‍ കൂട്ടിക്കെട്ടി അവളതില്‍ നിദ്രയ്ക്കു തളം വെച്ചു. എന്നിട്ടും അവളിലെ അഗ്നിമാത്രം ജ്വലിച്ചു കൊണ്ടേയിരുന്നു. ഒന്നും മതിയാകാതെ. ഒന്നിനെയും പോരാതെ. ....!

അമ്മയോടും അച്ഛനോടും അവള്‍ക്കു പക്ഷെ ഒന്നും പറയാനുണ്ടായിരുന്നില്ല. ആകെ അനുവാദം വേണ്ടിയിരുന്നത് എട്ടന്റെത് മാത്രമായിരുന്നു. അതും പക്ഷെ അവള്‍ക്കൊപ്പം എപ്പോഴും ഉണ്ടായിരുന്നതായിരുന്നു. എന്നിട്ടും അവള്‍ അവരെയെല്ലാം നമിച്ചു വന്നു. തൊഴുകയ്യോടെ, പ്രാര്‍ത്ഥനയോടെ. നിശബ്ദതക്ക് അത്രയും ചാരുതയുണ്ടെന്ന് ആരും കൊതിച്ചു പോകും പോലെ. കകൂപ്പി അവര്‍ക്ക് മുന്‍പില്‍ നില്‍ക്കുമ്പോള്‍ ലോകം തന്നെ അവളുടെ കൂപ്പുകൈകളിലേക്ക് ഒഴിഞ്ഞ് ഇറങ്ങും പോലെയായിരുന്നു. ...!

എത്തിപ്പിടിക്കാണോ അനുഭവിക്കാനോ ഇനിയൊന്നും ഇല്ലെന്നു അവര്‍ക്ക് ഉറപ്പില്ലായിരുന്നു. അല്ലെങ്കില്‍ തന്നെ അങ്ങിനെയൊന്ന് ഒരിക്കലും ആഗ്രഹിക്കാതിരിക്കെ അങ്ങിനെയൊന്നിനെ പറ്റി പിന്നെ ചിന്തിക്കുകയേ വേണ്ടല്ലോ. എന്നിട്ടും അവള്‍ക്കു വെവലാതികലില്ല. പ്രതീക്ഷകലില്ല. കണ്ണില്‍ കത്തുന്ന തീ മാത്രം. മനസ്സില്‍ എരിയുന്ന കനലുകള്‍ മാത്രം. അതിന്റെ ചൂട് പതുക്കെ പതുക്കെ ശരീരത്തിലേക്കും വ്യാപിക്കാന്‍ തുടങ്ങിയപ്പോഴാണ് അവള്‍ക്കു തന്നെ പോല്ലാന്‍ തുടങ്ങിയത്. ഇനിയും കാത്തിരിക്കാന്‍ വയ്യെന്ന് തീരുമാനിച്ചതും....!

പിന്നെയവള്‍ കാത്തിരിക്കാന്‍ തുടങ്ങി. തനിക്കു തന്നെ തന്നെ അവസാനിപ്പിക്കാനുള്ള മുന്നൊരുക്കത്തിനായി . തന്നില്‍ നിന്ന് തുടങ്ങി തന്നില്‍ തന്നെ അവസാനിക്കുന്ന സകലതിനുമായുള്ള കാത്തിരിപ്പ്‌ . ഒടുവിലതെതോ, ആദ്യതെതോ എന്ന് അവള്‍ക്കു തന്നെ ഉറപ്പില്ലെങ്കിലും ഒന്നവള്‍ക്ക് അറിയാമായിരുന്നു. അവള്‍ അയാള്‍ക്ക്‌ വേണ്ടി മാത്രമാണ് കാത്തിരിക്കുന്നത് എന്ന് ...!!!

സുരേഷ് കുമാര്‍ പുഞ്ചയില്‍ .
sureshpunjhayil@gmail.com

Thursday, September 9, 2010

കുറ്റസമ്മതം .....!!!

കുറ്റസമ്മതം .....!!!

മനസ്സുതുറന്നു തന്നെ സംസാരിക്കാന്‍ അയാള്‍ തീരുമാനിച്ചിരുന്നു
അപ്പോഴേക്കും. എല്ലാ തെറ്റുകളും ഏറ്റു പറഞ്ഞ്, അപരാധങ്ങള്‍ക്ക് മാപ്പ്
ചോദിച്ച് പിന്നെയും പിന്നെയും. അപ്പോഴൊക്കെയും അയാളുടെ കണ്ണുകള്‍
നിറഞ്ഞു നിന്നു. എന്നിട്ടും തുളുമ്പാതെ. നീര്‍മണികളില്‍ തിളങ്ങിയതും
അയാളുടെ മുഖം. അയാളുടെ ഭാവം. അതുകൊണ്ട് തന്നെ അവ അപ്പോഴും അയാളില്‍
തന്നെ അവശേഷിക്കുകയും ചെയ്തു.

അത്രയൊക്കെ കൊണ്ടും അയാള്‍ പരിശുദ്ധനാക്കപ്പെടുമെന്ന് അയാള്‍ പോയിട്ട്
അയാള്‍ പാപം ചെയ്തവര്പോലും കരുതിയിട്ടും ഉണ്ടാകില്ല. എന്നിട്ടും അയാള്‍
അതാവര്തിക്കുകതന്നെ ചെയ്തു. അപ്പോഴും അയാളില്‍ പക്ഷെ ഒരു തരം ഭ്രാന്തമായ
ആവേശം മാത്രമായിരുന്നു. അയാള്‍ പറയുന്നത് മറ്റുള്ളവര്‍ കേള്‍ക്കുന്നു
എന്നോ, അവരത് ഗൌനിക്കുന്നു എന്നോ അയാള്‍ അറിയാന്‍ പോലും ശ്രമിച്ചില്ല.
അങ്ങിനെയൊന്നിന്റെ ആവശ്യകത അയാളില്‍ അപ്രസക്തവുമായിരുന്നു.

അയാള്‍ക്കൊപ്പം തന്നെയായിരുന്നവര്‍ പോലും അപ്പോള്‍ അയാള്‍ക്ക്‌
കൂടെയായിരുന്നിട്ടും അയാള്‍ അവരില്‍ നിന്നൊക്കെ ഒരുപാട് അകലാന്‍ മാത്രം
ശ്രമിച്ചു. അവരെകൂടി ഇനിയും തന്റെ തെറ്റുകളുടെ കൂട്ടുകാരാക്കേണ്ട എന്ന
നന്മയെക്കാള്‍ അയാളില്‍ നിലനിന്നത് അവരിലുള്ള വിശ്വാസക്കുറവാണെന്നത്
അമ്പരപ്പിക്കുന്നതായിരുന്നു . അവിസ്വനീയവും. അയാള്‍ക്ക്‌ പിന്നെയും
അവശേഷിക്കുന്നത് അയാള്‍ മാത്രമാണെന്ന ചിന്തയും.

പിന്നെയും പിന്നെയും അയാള്‍ വാക്കുകള്‍ ആവര്‍ത്തിക്കുക മാത്രം ചെയ്തു.
അയാള്‍ക്ക്‌ പോലും ആവേശമില്ലാതെ അയാള്‍ അയാളോട് പോലുമല്ലാത്ത പോലെ.
എങ്കിലും വാക്കുകല്‍പ്പിന്നില്‍ അയാള്‍ നിലനില്‍ക്കെ അതയാള്‍ക്ക്‌ വേണ്ടി
എന്നുതന്നെയാകവേ, അയാളുടെ അപേക്ഷകളും നിറഞ്ഞു നിന്നിരുന്നു....!!!

സുരേഷ് കുമാര്‍ പുഞ്ചയില്‍ .

Tuesday, September 7, 2010

ദൈവം വരുന്ന വഴികള്‍ ....!!!

ദൈവം വരുന്ന വഴികള്‍ ....!!!

വേദനയുടെ വലിയൊരു കടമ്പ കടന്നാണ് താനും ഇവിടെ എത്തിയതെന്ന് അപ്പോള്‍ ആദ്യമായി അയാള്‍ മറന്നു പോയിരുന്നു. അഴിഞ്ഞുലഞ്ഞ കുഞ്ഞുടുപ്പുകള്‍ വാരിയണച്ച് മാറോട് ചേര്‍ക്കുമ്പോള്‍ അയാളില്‍ നേരിയ ഒരു നെടുവീര്‍പ്പുപോലും അവശേഷിചിരുന്നുമില്ല. എന്നിട്ടും അയാളുടെ കണ്ണുകള്‍ മാത്രം വ്യഗ്രമായി എന്തിനോ വേണ്ടി തിളങ്ങി. നീണ്ട കുപ്പായത്തിന്റെ ഉള്ളിലെ കീശയില്‍ കിടന്നു വിറങ്ങലിച്ചുപോയ മുഡായി മണികള്‍ പോലെ....!

കാലുകള്‍ പിന്നെയും വലിച്ചു വെച്ച് നടത്തത്തിനു വേഗം കൂട്ടുമ്പോള്‍ അയാളില്‍ പ്രത്യേകിച്ചൊരു ആവേശവും ഉണ്ടായിരുന്നുമില്ല. എന്നിട്ടും വേഗം എത്താനായി അയാള്‍ തിടുക്കപ്പെട്ടു. അല്ലെങ്കില്‍ വേഗതക്ക് തന്നെ ഇപ്പോള്‍ എന്ത് പ്രസക്തി. മെല്ലെതുടങ്ങിയ കാറ്റ് ശക്തി പ്രാപിക്കുന്നത് അയാള്‍ അസ്വസ്ഥതയോടെ നോക്കി നിന്നു. അത് ശക്തമാകുന്നതിനേക്കാള്‍ അയാളെ അത്ഭുതപ്പെടുത്തിയത് ആ കാറ്റില്‍ താന്‍ തന്നെ പറന്നു പോകുമോ എന്നല്ല. ആ കാറ്റ് നിലക്കുംപോഴെക്കും അങ്ങെതിയില്ലെങ്കില്‍ അവിടെ മഴയുണ്ടാകില്ലല്ലോ എന്നായിരുന്നു. മറവിലേക്ക് മനം തുറക്കുന്ന നേര്‍ത്ത മഴ. ...!

കുറച്ചുമാത്രം ദൂരെ അപ്പോഴും അയാളെ കാത്തിരിക്കുന്ന നാല് മരവിച്ച കണ്ണുകളില്‍ അപ്പോഴും അവശേഷിച്ച പ്രതീക്ഷ ..! അതുതന്നെയല്ലേ ഒരുപക്ഷെ അയാളുടെ യാത്രയും. കാലുകളിലൂടെ അതയാളുടെ തലച്ചോറിലേക്ക് അപ്പോഴും രക്തം ഇരച്ചുകയറ്റിക്കൊണ്ടേയിരുന്നിരുന്നു. അവശേഷിക്കുന്ന ആ കണ്ണുകള്‍ അയാള്‍ക്ക്‌ വേണ്ടിയല്ലാതെ മറ്റൊന്നിനും ബാക്കിനില്‍ക്കില്ലെന്നു അയാള്‍ക്ക് ഉറപ്പില്ലെങ്കിലും ആ കണ്ണുകളില്‍ അങ്ങിനെ എന്തോ തന്നെയായിരുന്നു അവശേഷിചിരുന്നിരുന്നതും. ഒരു മൌനത്തിന്റെ ബാക്കി പത്രം പോലെ ....!

കൈകളില്‍ ശക്തിയൂന്നി, നെഞ്ചില്‍ കിതപ്പുകൂട്ടി, കാലുകളിലേക്ക് ഊര്‍ന്നിറങ്ങുമ്പോള്‍ അയാളുടെ കണ്ണുകളില്‍ പോലും ജീവനില്ലാതിരുന്നിട്ടും ആ കുഞ്ഞുടുപ്പുകള്‍ അപ്പോഴും അയാളുടെ ഹൃദയത്തോട് ചേര്‍ന്ന് തന്നെ ഇരുന്നിരുന്നു. ആശങ്കയുടെ മുഖപടത്തെ വകഞ്ഞുമാറ്റി പുതിയൊരു ശ്വാസത്തിന്റെ തുടക്കം കണക്കെ, പുറത്തെ മഞ്ഞില്‍ തണുത്തുപോയ അവ ഓരോന്നും അയാളുടെ നെഞ്ഞിന്കൂടിലെ ചൂടേറ്റു പുത്തന്‍ പോലെ തിളങ്ങി ക്കൊണ്ടേയിരുന്നുമിരുന്നു ....!!!

സുരേഷ് കുമാര്‍ പുഞ്ചയില്‍ .


അക്ഷരങ്ങള്‍ പെയ്തൊഴിയുമ്പോള്‍ ......!!!

അക്ഷരങ്ങള്‍ പെയ്തൊഴിയുമ്പോള്‍ ......!!!

നിലാവ് പെയ്യുമ്പോള്‍ ഞാന്‍ ആകാശ ചെരുവില്‍ സ്വപ്നങ്ങള്‍ക്ക് താരാട്ട് പാടുകയായിരുന്നു ... അങ്ങിനെ തുടങ്ങാനാണ് ആഗ്രഹിച്ചത്‌. അതൊരു നല്ല തുടക്കമാകുമെന്ന് മനസ്സ് പറഞ്ഞിരുന്നു. പക്ഷെ കണ്ണുകള്‍ തുറന്നു പിടിക്കാന്‍ തന്നെ കണ്ണടകള്‍ ഇല്ലാത്ത ഈ നേരത്ത് എങ്ങിനെ ഹൃദയം തുറക്കും. എങ്ങിനെ മനസ്സ് തുറക്കും. അതുകൊണ്ട് തന്നെ, അക്ഷരങ്ങള്‍ കുന്നുകൂടുംപോഴും വാക്കുകള്‍ക്കു മുന്നില്‍ പതറുന്നു. പാറുന്നു.....!

കണ്ണുകള്‍ക്കും അപ്പുറത്ത് കാഴ്ച്ചയുടെ മൂടുപടം മറയ്ക്കാന്‍ പോന്ന അത്രയും അക്ഷരക്കൂട്ടങ്ങള്‍ ചുറ്റിലും ചിതറിതെറിക്കവേ വാക്കുകള്‍ക്കു പരതുന്ന ഒരു വിഡ്ഢിയായി നില്‍ക്കേണ്ടിവരുന്ന അവസ്ഥ.. മരണം പിന്നെയും ഭേദമെന്നപോലെ. അല്ലെങ്കില്‍ ജീവിതത്തിനും അപ്പുറം എന്നപോലെ. എന്നിട്ടും വാക്കുകള്‍ക്കുള്ളിലേക്കൊന്നു എത്തിനോക്കാന്‍ പോലുമാകാതെയും ......!

അക്ഷരങ്ങള്‍ക്ക് നിറവും മണവും നല്‍കി അവയ്ക്ക് തൊങ്ങലുകളും ചാര്തുകളും തീര്‍ത്തു അലങ്കരിച്ചു മറ്റുള്ളവര്‍ക്ക് മുന്നില്‍ വീറോടെ വിളമ്പുമ്പോള്‍ തല ഉയരുന്നത് ആത്മവിസ്വാസതോടെയല്ലെന്നു അവനവനെങ്കിലും തോന്നിയാല്‍ ചാരിതാര്‍ത്ഥ്യം. വിവരം എന്നത് അവനവനില്‍ നിന്ന് തന്നെ തുടങ്ങുന്നതെന്ന ബാലപാഠമെങ്കിലും ഓര്‍മ്മയിലേക്കും ....!

അക്ഷരങ്ങള്‍ക്കും മീതെ, വാക്കുകള്‍ക്കും മീതെ അറിവിനും മീതെ അവനവന്‍ എന്നത് അറിവെന്നു അഹങ്കരിക്കുംപോള്‍ അക്ഷരങ്ങളില്‍ ആകാശവും ഭൂമിയും നക്ഷത്രങ്ങള്‍ മുഴുവന്‍ തന്നെയും നിറയ്ക്കുംപോഴും ജീവിതം സ്പര്‍ശിക്കാന്‍ പോലുമാകുന്നില്ലെങ്കില്‍ പിന്നെ വാക്കുകള്‍ തന്നെ എന്തിനുവേണ്ടി ...???

സുരേഷ് കുമാര്‍ പുഞ്ചയില്‍

Sunday, August 29, 2010

ചിന്തകള്‍, ആകാശത്തോളം ....!!!

ചിന്തകള്‍, ആകാശത്തോളം ....!!!

ആ കെട്ടിടത്തിന് ഒരുപാട് മുറികള്‍ ഉണ്ടായിട്ടും ആ ഒരു മുറിക്കു മാത്രമായിരുന്നു അങ്ങിനെയൊരു പ്രത്യേകത ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെ ആ മുറിക്കു പുറത്തു എപ്പോഴും ഒരാള്‍ക്കൂട്ടവും കാണായി വന്നു. എന്നിട്ടുംപക്ഷേ ആരും ആ മുറിയില്‍ കയറിയില്ല . അവിടെ താമസിച്ചുമില്ല. അപ്പോഴും ആ മുറി എല്ലാവര്ക്കും വേണ്ടി എപ്പോഴും തയ്യാറായി ഇരുന്നു. ആരെയും സ്വീകരിക്കാന്‍ പാകത്തില്‍.

പുറത്തേക്കു തുറക്കുന്ന ആ ജനലില്‍ കൂടി താഴേക്ക് നോക്കിയാല്‍ കാണാവുന്ന ദൂരതിലായിരുന്നു അപ്പോഴും ആകാശം. എന്നിട്ടും ഒരിക്കല്‍ പോലും ആ ജനലിലൂടെ ആകാശം കാണാന്‍ ആരും ശ്രമിച്ചതേയില്ല. അല്ലെങ്കില്‍ തന്നെ ആകാശം മാത്രമായി ആര്‍ക്കും കാണാവുന്ന ദൂരത്തിലും അല്ലല്ലോ. എന്നിട്ടും ആശിച്ചു നോക്കവേ മനസ്സില്‍ നിന്നും ഒരിക്കലെങ്കിലും ഉതിര്‍ന്നു വീഴാത്ത ഒരു നിശ്വാസം പോലെ.. അതങ്ങിനെ പാതി വഴിയില്‍ പരിണാമം കാത്ത്. ഇനി എങ്ങോട്ടെന്നു സ്വയം നിശ്ചയമില്ലാതെ. അവയ്ക്കിടയില്‍, നിശ്ചലമായി വീണ്ടും.

എങ്ങിനെയാണ് അങ്ങോട്ട്‌ എത്തുന്നതെന്ന് ഒരു നിശ്ചയവും ഇല്ലാതിരുന്നിട്ടും അങ്ങോട്ട്‌ മാത്രമായിരുന്നു എപ്പോഴും മനസ്സ് സഞ്ചരിച്ചു കൊണ്ടേയിരുന്നത്. ഒരു പക്ഷെ അതൊരു നിശ്ചയവും ആയിരുന്നിരിക്കാം. വെറുതേയുള്ള മോഹങ്ങളുടെ മേല്‍ മനസ്സ് നേടുന്ന വിജയത്തിന്റെ പാതയും. എന്നിട്ടും മനസ്സുമാത്രം എപ്പോഴും തോറ്റുകൊണ്ടേയിരുന്നു. ആര്‍ക്കും കീഴടക്കാന്‍ പറ്റാതതെന്നു സ്വയം അഹങ്കരിക്കുംപോഴും ആശ്വാസം പോലുമില്ലാതെ.

ജനലുകള്‍ മുറുക്കെ അടച്ചുവെച്ചു അവയ്ക്കുമേല്‍ വാതിലുകളും വെച്ച് ബന്ധിച്ചിട്ടും ആകാശം അപ്പോഴും താഴെതന്നെയായി നിലകൊണ്ടു. ആര്‍ക്കും കാണാവുന്ന ദൂരത്തില്‍, ആര്‍ക്കും തൊടാന്‍ കഴിയാത്ത അത്രയും ഉയരത്തില്‍.

സുരേഷ്കുമാര്‍ പുഞ്ചയില്‍.

Wednesday, August 11, 2010

വരാന്ത .....!!!

വരാന്ത .....!!!

വാതിലുകള്‍ തുറക്കുന്നത് പുറത്തേക്കു തുറക്കുന്ന നീണ്ട വരാന്തയിലെക്കാണ്. ആ വരാന്തക്കുമപ്പുറം പിന്നെയും അകത്തേക്ക് തുറക്കുന്ന വാതിലുകള്‍ ...! ചില ജനലുകളും...! എല്ലാറ്റിനും മുന്നില്‍ പക്ഷെ ആ വാരന്തയുടെ ഒരു ശകലം എപ്പോഴുമുണ്ടായിരുന്നു. നീണ്ട ആ വരാന്ത ഉണ്ടാക്കിയത് തന്നെ വാതിലുകള്‍ പുറത്തേക്കു തുറക്കുന്നതിനു വേണ്ടി മാത്രമാണെന്ന് തോന്നും. അല്ലെങ്കില്‍ ജനലുകളും വാതിലുകളും ഉണ്ടാക്കിയത് ആ വരാന്തയെകൂടി കണ്ടുകൊണ്ടുമാകാം.

എപ്പോഴും നിഴലുകള്‍ക്ക് ഒളിച്ചു കളിക്കാന്‍ ഒരിടം. പിന്നെ കാറ്റിനു പതുങ്ങി പതുങ്ങി മൂളി നടക്കാന്‍ ഒരിടം. മൂലകളില്‍ തങ്ങി നില്‍ക്കുന്ന തണുപ്പിനു ഒരു മരവിച്ച ഗന്ധവും. നീണ്ട ആ വരാന്തയെ താഴെ നിന്ന് നോക്കുമ്പോള്‍ അങ്ങിനെയാണ് കാണാറ്. അല്ലെങ്കില്‍ എന്തൊക്കെയോ ദുരൂഹതയുടെ ഒരു ഇരമ്പല്‍ ഉറങ്ങുന്ന സ്ഥലമെന്നും. മഞ്ഞ നിറമുള്ള ചുവരുകള്‍ക്കിടയില്‍ നിറയെ തൂണുകളുള്ള ആ വരാന്ത ഭൂമിയുടെ മറ്റൊരു കണ്ണാടിയായി.

എന്നിട്ടും, ജീവിതത്തിന്റെ ഒരു ഭാഗമായി ആ വരാന്ത മാറിയപ്പോള്‍ ചിത്രം അങ്ങിനെ അല്ലാതായി മാറി. ജീവന്റെ തുടിപ്പുകള്‍ എങ്ങും തങ്ങി നില്‍ക്കുന്ന, ചിത്ര ശലഭാങ്ങള്‍ക്കും കാറ്റാടി ചില്ലകള്‍ക്കും പാരിനടക്കാവുന്ന, കിളികള്‍ക്കും പറവകള്‍ക്കും കൊഞ്ചിക്കളിക്കാവുന്ന, മനസ്സിന്റെ ഒരു ഭാഗം തന്നെയായി ആ വരാന്ത. അവിടെ നിന്നല്ലാതെ ജീവിതത്തെ എവിടെ നിന്നും നോക്കി കാണാന്‍ പോലും ആകില്ലെന്നായപ്പോള്‍, ജീവന്‍ തന്നെയായി ആ വരാന്തയും.

വാതിലുകള്‍ക്കും ജനലുകള്‍ക്കും വീടിനും അപ്പുറം തൊടിയും വഴികളും കടന്ന്, കുളവും, വയലുകളും കടന്ന്‌ കുന്നുകള്‍ക്കും പുഴ്കള്‍ക്കും അപ്പുറമുള്ള ലോകം മുഴുവനായും ചുരുങ്ങി ഒതുങ്ങി വരുന്നത് ആ വരാന്തയിലേക്ക്‌ മാത്രമായപ്പോള്‍ ജീവന്‍ തുടിക്കുന്നത് തന്നെ ആ വരാന്തയില്‍ ‌ മാത്രമായി. അല്ലെങ്കില്‍ പിന്നെ ജീവിതം തന്നെ അവിടെ മാത്രമാകുമ്പോള്‍ ജനലുകളും വാതിലുകളും മാത്രമല്ല, ലോകം തന്നെ തുറക്കുന്നതും അങ്ങോട്ട്‌ മാത്രമകുമല്ലോ ....!!!

Wednesday, August 4, 2010

വരകള്‍...!!!

വരകള്‍...!!!

കറുപ്പില്‍ വെളുപ്പാണോ വെളുപ്പില്‍ കറുപ്പാണോ എന്ന് അവിടെമാത്രം
ഒരിക്കലും സംശയിക്കേണ്ടി വരില്ല. കാരണം അവ ഉണ്ടാക്കിയിരിക്കുന്നത്
കറുകറുത്ത റോഡിലാണ് എന്നത് കൊണ്ട് തന്നെ. എന്നിട്ടും വെളുത്ത ആ വരകള്‍
ചിലപ്പോഴെങ്കിലും അങ്ങിനെയൊരു സംശയം ജനിപ്പിക്കാതെയും ഇരുന്നില്ല. റോഡ്‌
കറുത്ത് മാത്രമായി രിഉന്നില്ലെന്കിലുമ് വരകള്‍ പലപ്പോഴും വെളുപ്പായി
ഇരിക്കാതെയും ആയിരുന്നു.

അങ്ങോട്ടോ അല്ലെങ്കില്‍ ഇങ്ങോട്ടോ എപ്പോഴൊക്കെ സഞ്ചരിക്കേണ്ടി വന്നാലും ആ
വരകള്‍ മുന്നില്‍ കാണപ്പെട്ടു. അതിലൂടെയുള്ള യാത്രകളാണ് സുരക്ഷിതമെന്ന്
എല്ലാവരും ഒരേ സ്വരത്തില്‍ അവകാശപ്പെട്ടിരുന്നു. എല്ലാവരും അങ്ങിനെ
പറയുന്നു എന്നത് എനിക്കും അറിവുമുണ്ടായിരുന്നു . എന്റെ ജീവനും
ശരീരത്തിനും എനിക്കും പ്രാധാന്യമുണ്ടായിരുന്നിട്ടും ഞാന്‍ പക്ഷെ
പലപ്പോഴും ആ വരകളെ അവഗണിച്ചു. കണ്മുന്നിലുണ്ടായിട്ടും പലപ്പോഴും
കണ്ടില്ലെന്നു നടിച്ചു. ചിലപ്പോഴൊക്കെ മനപ്പൂര്‍വ്വം അവഗണിച്ചു.
എന്നിട്ടും ആ വരകള്‍ എനിക്ക് മുന്‍പില്‍ അല്ലെങ്കില്‍ എനിക്ക് പിന്നില്‍
അങ്ങിനെതന്നെ തുടര്‍ന്നും അവശേഷിച്ചു പോന്നു.

നിര്‍ഭയത്തോടെ കടക്കാനുള്ളതായിട്ടും പലപ്പോഴും അതിലൂടെയുള്ള യാത്രയും
ചന്ചലമായി. ഒരടി മുന്നോട്ട് പിന്നെ ഒരു ചാട്ടം പിന്നോട്ട്, വണ്ടികള്‍
അടുത്തെത്തും വരെ കാത്തുനിന്നിട്ടു അവ മുന്നിലെത്തുമ്പോള്‍ അവയ്ക്ക്
മുന്നിലൂടെ തിരക്ക് പിടിച്ച്. അല്ലെങ്കില്‍ ഒന്നിച്ച് തിരക്കിട്ട്
വരുന്ന വാഹന വ്യൂഹത്തിന് മുന്നിലൂടെ ഇതെന്റെ അവകാശമാണെന്ന മട്ടില്‍
അഹങ്കാരത്തോടെ മന്ദം മന്ദം. മുറിച്ചു കടത്താന്‍ ആളുകളുണ്ടെങ്കിലും ഞാന്‍
എന്റെ ഇഷ്ട്ടതിനു മാത്രം എന്ന മട്ടില്‍ മറ്റു ചിലപ്പോള്‍. വേറെ
ചിലപ്പോള്‍ ആരെങ്കിലും എന്റെ കൈ പിടിച്ച് അപ്പുരമെതിക്കാന്‍ വരുമെന്ന
മട്ടില്‍ കാത്തുകാത്ത്. എല്ലാറ്റിനും മുന്നില്‍ അല്ലെങ്കില്‍ പുറകില്‍
അപ്പോഴും മൂകമായി ആ വരകള്‍.

ആവശ്യമുള്ളിടത്ത് മാത്രമല്ലാതെ ചിലപ്പോള്‍ ഉപദ്രവമായും, അല്ലെങ്കില്‍
ആവശ്യമില്ലാതിടത്തും ഒരു പേരിനു മാത്രമായും ആ വെളുത്ത വരകള്‍.
ആവശ്യകാരന് വേണ്ടിയും ചിലപ്പോള്‍ വരപ്പിക്കുന്നവന്റെ ആവശ്യതിനനുസരിച്ചും
അതുമല്ലെങ്കില്‍ വരക്കുന്നവന്റെ ആവശ്യത്തിനായും വരകള്‍ ...!

Sunday, July 25, 2010

ജീവിതം

ജീവിതം

ആശുപത്രികള്‍ക്ക് എല്ലാം മരണത്തിന്റെ മണമാണ്. പ്രത്യേകിച്ച് രാത്രികളില്‍... ഒരു ചാറ്റല്‍ മഴ കൂടിയുണ്ടെങ്കില്‍ ആ മണത്തിനു വശ്യമായ ഒരു സുഗന്ധം കൂടിയാകും. യക്ഷിയുടെ വരവറിയിക്കുന്ന പാലപ്പൂവിന്റെ മണം പോലെ, മറ്റൊരു വശ്യമായ മണം... ! വിജനതയുടെ വിശാലതയില്‍ മരണം എവിടെയൊക്കെയോ പതിയിരിക്കുന്ന പോലെ. അല്ലെങ്കില്‍ അമര്ത്തിപ്പിടിചിരിക്കുന്ന ഡോക്ടറുടെ കൈകള്‍ക്കിടയിലൂടെ രോഗിയുടെ നെഞ്ചിന്‍ കൂട് തുറന്നു പറന്നകലാനുള്ള വെന്പലോടെ.


അതിനുമപ്പുറം തിരക്കാണ് എങ്ങും. എല്ലാവര്ക്കും. മരണത്തിന്റെ പിടിയില്‍ പെടാതിരിക്കാനുള്ള തിരക്ക്. മരണത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ടു ഓടുന്ന തിരക്ക്. മരണത്തിനു പിടി കൊടുക്കാതിരിക്കാനുള്ള തിരക്ക്. മരണത്തെ ആട്ടി ഓടിക്കാനുള്ള തിരക്ക്. പിന്നെ തങ്ങളുടെ കൂട്ടത്തിലേക്ക് ഇനിയും എത്താനുള്ളവരെ കാത്തു കാത്തു നില്‍ക്കുന്ന ആത്മാക്കളുടെ വെപ്രാളത്തിന്റെ തിരക്കും.


മരണത്തിനും ജീവിതത്തിനും ഇടയിലുള്ള ഈ കുറച്ചു നിമിഷങ്ങള്‍ നമ്മള്‍ കണ്ടിരിക്കണം. ജീവിതത്തില്‍ എപ്പോഴെങ്കിലും ഒരിക്കല്‍. 5 സ്റ്റാര്‍ ഹോസ്പിറ്റലിലെ ശീതീകരിച്ച മുറികളിലായാലും സര്‍ക്കാര്‍ ആശുപത്രിയിലെ തുരുമ്പെടുത്ത വരാന്തകളില്‍ ആയാലും ജീവിതത്തിലെ എല്ലാ തിരക്കുകള്‍ക്കും ഇടയില്‍ നമ്മള്‍ ഒരിക്കലെങ്കിലും കുറച്ചു സമയം അവിടെ ഉണ്ടാകണം. ഡോക്ടറെ കാണാനുള്ള വരികളിലല്ല . രോഗിയെ കാണാനുള്ള ഊഴം കാത്തുമല്ല. വെറുതേ കുറച്ചു സമയം, രാത്രിയുടെ നിശബ്ദതയില്‍. അത്യാഹിത വിഭാഗത്തിന്റെ മുന്നില്‍. അല്ലെങ്കില്‍ മോര്‍ച്ചറിയുടെ മുന്നില്‍. ജീവിതം എന്തെന്ന് നമുക്ക് അവിടെ കാണാം. അല്ലെങ്കില്‍ ജീവിതം കാണാന്‍ കഴിയുക അവിടെത്തന്നെയാണ്. പണക്കാരന്റെയും പാവപ്പെട്ടവന്റെയും അല്ല. മനുഷ്യന്റെ ജീവിതം. പച്ചയായ മനുഷ്യന്റെ യഥാര്‍ത്ഥ ജീവിതം.


സുരേഷ്കുമാര്‍ പുഞ്ചയില്‍

Friday, February 26, 2010

ഒരു ആവര്‍ത്തന കഥ ...!!!

ഒരു ആവര്‍ത്തന കഥ ...!!!

അറിവ് പലപ്പോഴും അപൂര്‍ണ്ണമാകുമ്പോള്‍ ഉള്ളതുതന്നെ വീണ്ടും വീണ്ടും അറിവില്ലയ്മയായി മാറും. . എങ്കിലും ഉള്ളതുതന്നെയാണ് പൂര്‍ണ്ണമെന്നും , ഇനി ഒന്നും അറിയാനില്ലെന്നും അങ്ങിനെയുള്ളവര്‍ അഹങ്കരിക്കുമ്പോള്‍ പിന്നെ അറിവിന്റെ ഒരു ശകലമെങ്കിലും കടന്നെതുന്നതും അപ്രാപ്യം. അവിടെ ഉള്ള വെളിച്ചവും സൃഷ്ട്ടിക്കുക അന്തകാരം മാത്രവും. എന്നിട്ടും ആ അന്തകാരമാണ് അല്ലെങ്കില്‍ അതുമാത്രമാണ് ജീവിതത്തെയും ലോകത്തെയും നയിക്കുന്നതെന്ന് അവകാശപ്പെടുമ്പോള്‍ മറ്റെന്തു പറയാന്‍ ...!

എന്റെ ആ പഴയ സുഹൃത്തും വീട്ടുകാരും ഇപ്പോള്‍ നാട്ടിലാണെന്നു അറിഞ്ഞപ്പോള്‍ ഞാന്‍ അവരെയൊന്നു കാണാം എന്നുവെച്ചു. ഒരുകാലത്ത് എന്നെ ഏറ്റവും ഇഷ്ട്ടപ്പെട്ടിരുന്ന അവര്‍ പിന്നെ എന്തോ ഞാനുമായി അത്ര അടുപ്പതിലായിരുന്നില്ല. എനിക്ക് സുഹൃത്തുക്കളെ കാത്തു സൂക്ഷിക്കാന്‍ കഴിവില്ലെന്നു എന്റെ ഭാര്യ പറയുന്നതുപോലെ അതും എന്റെ കുറ്റമായിരിക്കാം എന്ന് ഞാന്‍ സമാധിനിച്ചിരുന്നു. എങ്കിലും ഞാന്‍ അങ്ങോട്ട്‌ ബന്ധപ്പെടാന്‍ ശ്രമിക്കുമ്പോള്‍ മാത്രമല്ലാതെ ഒരിക്കലും അവര്‍ എന്നെ അന്വേഷിക്കാതിരുന്നത് എന്നില്‍ നല്ല വിഷമം ഉണ്ടാക്കിയിരുന്നു. അതുകൊണ്ട് തന്നെയാണ് അവര്‍ ഇവിടെയുണ്ടെന്നു അറിഞ്ഞപ്പോള്‍ ഞാന്‍ അങ്ങോട്ട്‌ പോകാം എന്ന് വെച്ചതും.


കുറച്ചധികം പണിപ്പെട്ടാണ് എനിക്ക് അവരുടെ താമസ സ്ഥലം കണ്ടെത്താനായത്. അവിടെയെത്തിയപ്പോള്‍ എനിക്ക് എന്നെ തന്നെ വിശ്വസിപ്പിക്കാനും സമയമെടുത്തു. നദീതീരത്തെ മണിമാളിക തേടിചെന്ന ഞാന്‍ കണ്ടത്, പുറമ്പോക്കില്‍ വളച്ചുകെട്ടിയ ഒരു ചെറ്റക്കുടില്‍. ഞാന്‍ അറിയുന്ന സമയം വരെ സമ്പത്തിന്റെ നെറുകയില്‍ സുഖലോലുപതയുടെ കൊടുമുടിയില്‍ കഴിഞ്ഞിരുന്ന ഇവര്‍ എങ്ങിനെ ഇങ്ങിനെയയെന്നു എനിക്ക് മനസ്സിലായതേയില്ല. രണ്ടുനാല് ദിനം കൊണ്ടൊരുത്തനെ .... ശ്ലോകങ്ങള്‍ മനസ്സില്‍ തികട്ടി വന്നു നിറഞ്ഞു.


എന്നെ കണ്ടതും കുറച്ചു സമയം ഒന്നും മിണ്ടാതെ എന്നെ നോക്കി നിന്ന എന്റെ ആ പഴയ പ്രിയ സുഹൃത്ത്‌ പിന്നെ എന്നെ കെട്ടിപ്പിടിച്ച് ഒറ്റ കരച്ചിലായിരുന്നു. അവനു പിന്നാലെ കടന്നെത്തിയ കുട്ടികളും എന്നെ ചുറ്റി കരച്ചിലായപ്പോള്‍ അവരുടെ ഭാര്യ അപ്പുറത്ത് നിന്നും കരച്ചിലായി. കുറച്ചു സമയം അങ്ങിനെ നിന്ന് ഒന്ന് ആശ്വസിച്ചതും ഞാന്‍ മെല്ലെ കാര്യങ്ങളിലേക്ക് തിരിഞ്ഞു.


വിദേശത്തായിരുന്ന അവര്‍ക്ക് പെട്ടെന്നൊരു ദിവസം ഒന്നുമില്ലാതെ തിരിച്ചു പോരേണ്ടി വന്നപ്പോള്‍ അവര്‍ക്ക് അവരെ തന്നെ നഷ്ട്ടപ്പെടുകയായിരുന്നു. ഒന്നുമില്ലാതെയാണ് വന്നതെന്ന് അറിഞ്ഞപ്പോള്‍ അതുവരെയും എല്ലാറ്റിനും കൂടെത്തന്നെ ഉണ്ടായിരുന്ന സുഹൃത്തുക്കള്‍ ഓരോരുത്തരായി അവരെ വിട്ടൊഴിയുക മാത്രമല്ല സുഹൃത്തുക്കള്‍ എന്ന് പറഞ്ഞിരുന്ന അവരെല്ലാം അവരെ പുറകില്‍ നിന്ന് ഉപദ്രവിക്കാനും തുടങ്ങിയത് അവര്‍ക്ക് സഹിക്കാന്‍ പറ്റുന്നതിലും അപ്പുറത്തായി. ഉറ്റ ബന്ധുക്കള്‍ പോലും അവരെ ഒരു ചടങ്ങുകളിലെക്കും ക്ഷണിക്കുക പോലും ചെയ്യാതായി.


ചിരപരിചിതമായ ഒരു കഥയിലെ രംഗങ്ങള്‍ എല്ലാം പതിവുപോലെ. പണത്തിന്റെ തെറ്റായ കൈകാര്യവും, മറ്റുള്ളവരെ അന്തമായി വിശ്വസിച്ചും ആശ്രയിച്ചും ഉള്ള ജീവിതവും ഏതൊരു വലിയവനെയും എത്തിക്കുന്ന അതെ അവസ്ഥ. ഏതൊരു മനുഷ്യനും ആവര്‍ത്തിച്ചു സംഭവിക്കുന്ന ജീവിത യാഥാര്‍ത്യങ്ങള്‍. ഇവിടെയും ഒന്നിനും മാറ്റമില്ല. അവന്റെ എല്ലാ സ്വത്തുക്കളും മുന്‍പേ തന്നെ അവന്റെ സ്വന്തം വീട്ടുകാര്‍ക്ക് എഴുതിക്കൊടുതിരുന്ന അവനു പക്ഷെ സ്വന്തമായി ഒരു ചെറിയ വീടുണ്ടായിരുന്നു മുന്‍പ്. അതുമല്ലെങ്കില്‍ അവന്റെ ഭാര്യക്ക് ഒരു വീടുണ്ടായിരുന്നു. അതിനെന്തു പറ്റിയെന്നു ചോതിക്കേണ്ടി വന്നില്ല. അതിനുമുന്‍പെ അവന്റെ ഭാര്യ പറഞ്ഞു അത് അവളുടെ അച്ഛനും അമ്മയും അവരുടെ പേരിലാക്കിയെന്നു.


ജീവിതത്തിന്റെ മുക്കാല്‍ പങ്കും വെറുതെ നഷ്ട്ടപ്പെടുത്തിയ അവനിനി എന്ത് ചെയ്യാന്‍ പറ്റുമെന്ന് എനിക്ക് അറിയില്ലായിരുന്നു. ഉന്നതങ്ങളില്‍ മാത്രം ജീവിച്ചിരുന്ന അവര്‍ക്കെങ്ങിനെ ഇങ്ങിനെ കഴിയാന്‍ ആകുമെന്നും എനിക്കറിയില്ലായിരുന്നു. എങ്കിലും അവരുടെ പറക്കമുറ്റാത്ത കുട്ടികളെയോര്‍ത്ത് ഞാന്‍ ഇപ്പോഴും നീറുന്നു.....!!!