കുട്ടികളുടെ മതം...!!!
അദ്ധേഹത്തെ ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായാണ് ഞാന്‍ പരിചയപ്പെടുന്നത്. ആ പരിചയം പിന്നെ നല്ലൊരു സുഹൃത്ത് ബന്ധത്തിലേക്കും നയിച്ചു. അദ്ദേഹം ഒരു പ്രശസ്തനായ വക്കീലാണ്. വക്കീല്‍ എന്ന് മാത്രം പറയാന്‍ പറ്റില്ല. നല്ലൊരു സാമൂഹ്യ പ്രവര്‍ത്തകനും ഉദാരമതിയും സ്നേഹ സമ്പന്നനും ഒക്കെയാണ്. ജോലിയിലെസത്യ സന്ധതയാണ് എന്നെ അദ്ദേഹവുമായി പ്രത്യേകമായി ആകര്‍ഷിച്ച ഒരു പ്രധാന ഘടകം. എടുക്കുന്ന കേസുകള്‍ വെറുതേ എങ്ങിനെയും ജയിപ്പിക്കുക എന്നതല്ല, ആ കേസുകളുടെ സത്യാവസ്ഥയിലേക്കും അദ്ദേഹം പ്രത്യേകമായി ശ്രദ്ധിച്ചിരുന്നു.
അദ്ധേഹത്തിന്റെ ഭാര്യ ഒരു ഡോക്ടര്‍ ആണ് അവരും വളരെ പ്രശസ്തയും സമൂഹത്തില്‍ അറിയപ്പെടുന്നവരും ആണ്. അവരും അദ്ധേഹത്തെ പോലെ സ്നേഹവും സഹാനുഭൂതിയും വെച്ച് പുലര്‍ത്തുന്നവര്‍ ആയിരുന്നു. പണത്തിനു വേണ്ടി മാത്രം രാപകല്‍ പണിയെടുക്കാന്‍ അവര്‍ തയ്യാറല്ലായിരുന്നു. കുടുംബവും ബന്ധങ്ങളും അവര്‍ക്ക് വളരെവിലപ്പെട്ടതായിരുന്നു. അവര്‍ക്ക് ഒരു കുട്ടിയാണ് ഉള്ളത്. അഞ്ചു വയസ്സുള്ള ഒരു പെണ്‍കുട്ടി. ഭാര്യയേയും കുട്ടിയേയും എനിക്ക് അത്ര പരിചയം ഇല്ലെങ്കിലും അദ്ധേഹത്തിന്റെ സ്നേഹപൂര്‍ണ്ണമായ നിര്‍ബന്ധതാല്‍ ഞാന്‍ ഒരു ദിവസം എന്റെ കുടുംബവുമായി അവിടെ പോകാന്‍ തീരുമാനിച്ചു.
അവര്‍ രണ്ടുപേര്‍ക്കും തിരക്കില്ലാത്ത ഒരു ദിവസം ഞങ്ങള്‍ അങ്ങോട്ട് തിരിച്ചു. അങ്ങിനെ അപൂര്‍വ്വമായേ ഉണ്ടാകാറുള്ളൂ എങ്കിലും ഞങ്ങള്‍ക്കുവേണ്ടി അവര്‍ അങ്ങിനെയൊരു സമയം ഉണ്ടാക്കി കാത്തിരിക്കുകതന്നെ ചെയ്തപ്പോള്‍ ഞങ്ങള്‍ക്ക് അതല്‍പ്പം അഭിമാനവും ഉണ്ടാക്കി. ഞങ്ങള്‍ക്കായി അവര്‍ സ്നേഹത്തോടെ കാത്തിരിക്കുക തന്നെയായിരുന്നു. ഞാനും ഭാര്യയും കുട്ടികളും അവിടെയെത്തി. എവിടെയെങ്കിലും ചെല്ലുമ്പോള്‍ എന്തെങ്കിലും കൊണ്ടുപോവുക് എന്നത് ഞങ്ങളുടെ ഗ്രാമത്തിലെ ഒരു നാട്ടു നടപ്പായിരുന്നു. എങ്കിലും അതവര്‍ക്ക് ഇഷ്ട്ടമല്ലെന്നു അറിയാവുന്നതിനാല്‍ ഒന്നുമില്ലാതെയാണ് ഞങ്ങള്‍ പോയത്..
അവിടെയെത്തി സംസാരിച്ചു തുടങ്ങുമ്പോഴേക്കും അവര്‍ക്ക് അപ്രതീക്ഷിതമായി അടിയന്തിരമായ ഒരു ഫോണ്‍ കാല്‍ വന്നു. അതുമായി അദ്ദേഹവും ഭാര്യയും അകത്തു പോയപ്പോള്‍ ഞങ്ങള്‍ അവരുടെ കുട്ടിയുമായി സംസാരിക്കാന്‍ തുടങ്ങി. സംസാരിച്ചു തുടങ്ങും മുന്‍പേ ആ കുട്ടി ഞങ്ങളോട് ചോദിച്ചത് ഞങ്ങളെ തീര്‍ത്തും തളര്‍ത്തിക്കളഞ്ഞു. നിങ്ങള്‍ അമ്പലക്കരാണോ അതോ പള്ളിക്കാരാണോ എന്ന്....!!!